കോവിഡ് പരിശോധനാ ഫലം വൈകുന്നതിനാൽ ചൊവ്വാഴ്ച മരിച്ച തൊടുപുഴ സ്വദേശിനിയുടെ സംസ്കാരം നടത്താനാകുന്നില്ലെന്നു പരാതി. ഹൃദയാഘാതം മൂലം മരിച്ച സ്ത്രീയുടെ മൃതദേഹം രണ്ട് ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തലപ്പാടി കോവിഡ് പരിശോധനാ കേന്ദ്രത്തിലെ യന്ത്ര തകരാറാണ് ജില്ലയിലെ സ്രവപരിശോധന വൈകാൻ കാരണം.
തൊടുപുഴ കാരിക്കോട് സ്വദേശിയായ റസീന നൗഷാദ് ചൊവ്വാഴ്ചയാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. എന്നാൽ ഇടുക്കി ജില്ല റെഡ് സോൺ ആയതിനാൽ റസീനയുടെ സ്രവം കോവിഡ് പരിശോധനക്കു അയച്ചെങ്കിലും ഇതുവരെ ഫലം വന്നിട്ടില്ല. കോട്ടയം തലപ്പാടിയിൽ കോവിഡ് പരിശോധന സംവിധാനത്തിലെ തകരാറാണ് ഇടുക്കിയിലെ ഫലം വൈകാൻ കാരണം. ജില്ലയിൽ തന്നെ പരിശോധന സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു ഡീൻ കുര്യാക്കോസ് എം.പി നാളെ ഉപവാസ സമരം നടത്തും.
മൃതദേഹം അടക്കം ചെയ്യാൻ പോലും കഴിയാത്ത സ്ഥിതി ഒഴിവാക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.