TAGS

കോവിഡുണ്ടാക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ മ്യൂറല്‍ ചിത്രങ്ങളെ കൂട്ടുപിടിച്ച് കോഴിക്കോട് കക്കോടിയിലെ ഒരു കുടുംബം. ലോക്ഡൗണ്‍ കാലത്ത് നിര്‍മിച്ച മ്യൂറല്‍ ചിത്രങ്ങള്‍ വിറ്റ് കിട്ടുന്ന മുഴുവന്‍ പണവും ‌ മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കാനാണ് ഷനോദ് കുമാറിന്‍റെയും കുടുംബത്തിന്‍റെയും തീരുമാനം. 

ഷനോദും ഭാര്യ ബിന്ദുവും രാപകല്‍ ഭേദമില്ലാതെ ചിത്രങ്ങള്‍ വരച്ച് കൂട്ടുകയാണ്. ഒന്നും രണ്ടുമല്ല, നൂറു കണക്കിന് മ്യൂറല്‍ ചിത്രങ്ങള്‍. ലക്ഷ്യം ഒന്നേയുള്ളൂ. ലോക്ഡൗണ്‍ കാലം തീരുന്നതോടെ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കണം. അതിലൂടെ കിട്ടുന്ന മുഴുവന്‍ പണവും പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും കോവിഡ് ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്യണം. ഷനോദ് കുമാറിനും ബിന്ദുവിനുമൊപ്പം മക്കളായ അനുഷയും അനശ്വരയുമുണ്ട് കൂടെ. 

ചിത്രംവര തകൃതിയായി നടക്കുകയാണെങ്കിലും പെയിന്‍റ് അധികമില്ല ഇവരുടെ കയ്യില്‍. കൂടുതല്‍ പെയിന്‍റ് സംഘടിപ്പിക്കാനായില്ലെങ്കില്‍ ചിത്രംവര പാതിയില്‍ നിലയ്ക്കും. അതിനാല്‍  പെയിന്‍റ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഷനോദിപ്പോള്‍.