പീഡനകേസിൽ ബിനോയി കോടിയേരി നേരിട്ട് ഒത്തുതീർപ്പിന് ശ്രമിച്ചുവെന്ന് ആരോപണം. ബിനോയ് യുവതിയുമായി സംസാരിച്ചുവെന്ന് കരുതുന്ന ശബ്ദരേഖ യുവതിയുടെ സഹായി പുറത്തുവിട്ടു. കേസ് കോടതിയിലായതിനാല്‍ പ്രതികരിക്കാനില്ലെന്ന് ബിനോയി അറിയിച്ചു.
2018 ഡിസംബറിൽ യുവതി ബിനോയിക്ക് വക്കീൽ നോട്ടീസ് അയച്ചതിനുശേഷം നടന്നതെന്ന് അവകാശപ്പെടുന്ന ഫോൺ സംഭാഷണം ഹിന്ദിയിലുള്ളതാണ്. കുട്ടിയുടെ ഭാവി ചിലവിനുള്ള പണത്തെപ്പറ്റിയാണ് പരാമർശിക്കുന്നത്. അഞ്ചു കോടി രൂപ നൽകാമെന്നും താനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ബിനോയ് പറയുന്നതായി സംഭാഷണത്തിലുണ്ട്.
യുവതി: നിങ്ങൾ എനിക്ക് അഞ്ചുകോടി തരില്ലെങ്കിൽ നിങ്ങളുടെ മകനു ജീവിക്കാൻ ആവശ്യമായതെന്താണോ ആ തുക എത്രയെന്ന് നിനക്ക് തീരുമാനിക്കാം. എനിക്കൊന്നും വേണ്ട. പക്ഷേ, നിങ്ങളുടെ മകനുവേണ്ടി നിങ്ങളത് ചെയ്യണം.
ബിനോയ്: ശരി, ഒരു കാര്യം ചെയ്യ്. തിരക്കുപിടിച്ചൊന്നും ചെയ്യരുത്. ആളുകൾ പലരീതിയിലാണ് പ്രതികരിക്കുന്നത്. ഓക്കെ?
യുവതി: ഞാനെന്തുചെയ്യണം?
ബിനോയ്: എന്തുചെയ്യണമെന്ന് ഞാൻ പറയാം. എന്താണ് വേണ്ടതെന്നു വെച്ചാൽ ചെയ്യാം. ഓക്കേ? പക്ഷേ, നിനക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂർണമായും ഉപേക്ഷിക്കണം. നിന്റെ പേര് നീ മാറ്റണം. ഓക്കേ, നിനക്ക് ഇഷ്ടമുള്ളതുപോലെ നിനക്ക് ജീവിക്കാം.
യുവതി: ഓക്കേ
യുവതിയുടെ സഹായിയുടെ പക്കലുള്ള ഫോൺ സംഭാഷണം ബിനോയിയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുമ്പോഴോ തെളിവുശേഖരണത്തിനിടയിലോ പുറത്തുവന്നില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം, അടുത്ത തിങ്കളാഴ്ച്ചയും ഡി എൻ എ പരിശോധനയയ്ക്കായി രക്തസാമ്പിൾ നൽകിയില്ലെങ്കിൽ ബിനോയിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചേക്കും.