‘സ്വന്തം മകൻ കാണാതെപോയിട്ടും ഈ രാജ്യം രക്ഷിക്കാൻ കാണിക്കുന്ന ആ വലിയ മനസുണ്ടല്ലോ ...അതിനിരിക്കട്ടെ ഒരു കുതിരപ്പവൻ’. പരിഹാസത്തിന്റെ കമന്റുകള്‍ നിറയുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫെയ്സ്ബുക്ക് പേജില്‍. അദ്ദേഹം ഇന്ന് ഫെയ്സ്ബുക്കിലിട്ട കുറിപ്പിന്റെ ചുവട്ടില്‍ പരിഹാസത്തിന്റെ കമന്റുകള്‍ നിറയുകയാണ്. അടിയന്തരാവസ്ഥാ വിരുദ്ധ ദിനാചരണം സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

പാർട്ടി സെക്രട്ടറിയുടെ മകനുപോലും ഒളിവിൽ പോകേണ്ടിവരുന്ന അവസ്ഥ, ഇതല്ലേ യഥാർഥ അടിയന്തരാവസ്ഥ’, ‘പിടികിട്ടാപ്പുള്ളിയായ മകനെ നിയമത്തിനു മുൻപിൽ ഹാജരാക്കിയിട്ടുപോരേ ഈ വീരവാദം’, ‘കേരളത്തിലെ ഒരച്ഛന് മകൻ നഷ്ടപ്പെട്ടിട്ട് ഒരാഴ്ചയായി.. ഇവിടുത്തെ മാധ്യമങ്ങളൊന്നും അതു ചർ‍ച്ചയാക്കിയിയില്ല.. കാരണം, നഷ്ടപ്പെട്ടത് ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മകനെയാണ്’,‘അടിയന്തരമായി വീട്ടിലെ അവസ്ഥയ്ക്കു പരിഹാരം ഉണ്ടാക്കൂ സഖാവേ..’ തുടങ്ങി ഒട്ടേറെ കമന്റുകള്‍ നിറയുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നാളുകളിലെ ദേശാഭിമാനി പത്രത്തിന്റെ പേജ് സഹിതം ബിനീഷ് കോടിയേരി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനു താഴെയും വിമർശകരെത്തിയിട്ടുണ്ട്.

അതേസമയം ബിഹാർ സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. പ്രതി രാജ്യം വിടാതിരിക്കാൻ പാസ്പോർട്ട് വിവരങ്ങൾ എമിഗ്രേഷൻ വിഭാഗത്തിന് കൈമാറി. അതേസമയം, ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ  കോടതി നാളെ വിധി പറയും. മുൻകൂർ ജാമ്യഹർജിയിൽ വിധി വരുന്നതുവരെ ബിനോയിയെ അറസ്റ്റുനചെയ്യില്ലെന്ന് മുംബൈ പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ജാമ്യം  നിഷേധിച്ചാൽ  പ്രതി വിദേശത്തേയ്ക്ക് കടന്നുകളയുവാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ  അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ബിനോയ് ഇപ്പോഴും കേരളത്തിൽ തന്നെയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. 

ഉന്നത രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുള്ള വ്യക്തി ആയതിനാൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും പൂർണമായും അടയ്ക്കാനാണ് പൊലീസിന്റെ  നീക്കം. കേരളത്തിലെ നാലിടത്തുൾപ്പടെ  രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ബിനോയി കോടിയേരിയുടെ പാസ്പോർട്ട് വിവരങ്ങൾ കൈമാറി കഴിഞ്ഞു. 164 വകുപ്പ് പ്രകാരം പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. കേസിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് വനിതാ മജിസ്ട്രറ്റിനു മുമ്പിൽ അടുത്ത ആഴ്ച തുടക്കത്തിൽതന്നെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. അതേസമയം, ബിനോയിയുടെ ജാമ്യഹർജിയിലെ വാദം പൂർത്തിയായതിനുശേഷം പുറത്തു വന്ന തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ  സമർപ്പിക്കും എന്നാണ് സൂചന.