അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകളുടെ മാതൃകയില്‍ കെ.എസ്.ആര്‍.ടി.സിയും ബെംഗളൂരു സര്‍വീസ് ആരംഭിക്കുന്നു. കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യവോള്‍വോ ബസുകള്‍ വാടകയ്ക്കെടുത്തായിരിക്കും സര്‍വീസ് നടത്തുക. കര്‍ണാടക ആര്‍.ടി.സിയുടെ സഹകരണവും തേടുന്നുണ്ട്.
ബെംഗളൂരു സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ക്ക് പിടിവീണതോടെയാണ് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസിനൊരുങ്ങുന്നത്. ഒാരോ സ്റ്റോപ്പില്‍ നിന്നും ആളെക്കയറ്റിയുള്ള സ്റ്റേജ് ക്യാരേജ് സര്‍വീസാണ് കെ.എസ്.ആര്‍.ടി.സിക്ക് ഇപ്പോഴുള്ളത്. അത്തരം കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ സ്വന്തമായി ബസില്ല. അതുകൊണ്ടാണ് ഏജന്‍സിവഴി ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ട്രാക്ട് കാര്യേജ് സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നത്. തിരുവന്തപുരം ഉള്‍പ്പടെ പ്രധാനസ്ഥലങ്ങളില്‍ നിന്നും നിശ്ചിതഎണ്ണം യാത്രക്കാരെ കയറ്റി ബെംഗളൂരുവില്‍ എത്തിക്കും.
ഇടയ്ക്ക് സ്റ്റോപ്പുകള്‍ ഉണ്ടാകില്ല. ഇതിനായി കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള വോള്‍വോ ബസുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുക്കും. കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് ബുക്കിങ് ഏജന്‍സി ലൈസെന്‍സെടുക്കും. ശുചിമുറി അടക്കം മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചിട്ടുള്ള സൗകര്യങ്ങളെല്ലാം കെ.എസ്.ആര്‍.ടി.സിക്കുള്ളതിനാല്‍ ലൈസന്‍സ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. ബസിന്റ ലഭ്യത നോക്കിയായിരിക്കുംറൂട്ടുകള്‍ തീരുമാനിക്കുക. കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസ് നടത്താന്‍ കര്‍ണാടക ആര്‍.ടി.സിയും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.