കൊച്ചിയിൽ അപകടത്തിൽപ്പെട്ട കല്ലട ബസിന്റെ ഗുരുതര നിയമലംഘനങ്ങൾ നേരത്തെ തന്നെ മനോരമ ന്യൂസ് കൃത്യമായി ചൂണ്ടിക്കാട്ടിയിരുന്നു. നാഗാലാൻഡിലും, അരുണാചൽ പ്രദേശിലും റജിസ്റ്റർ ചെയ്യുന്ന ബസ്സുകൾ നടത്തുന്ന നിയമലംഘനങ്ങളാണ് ഒന്നരവർഷം മുൻപ് മനോരമ ന്യൂസ് അക്കമിട്ട് നിരത്തി കാണിച്ചിരുന്നത്. വാർത്തയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടികൾ എടുത്തിരുന്നെങ്കിലും പിന്നീടത് നിലച്ചതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണം എണ്ണമില്ലാത്ത നിയമലംഘനങ്ങൾക്ക് വേണ്ടിയാണ് നാഗാലാൻഡിലും അരുണാചൽപ്രദേശിലും ബസ്സുകൾ റജിസ്റ്റർ ചെയ്യുന്നതെന്ന് 2022 നവംബർ ഒന്നിനാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തത്.
ഇനി കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട കല്ലട ബസ് നടത്തിയ ഗുരുതര നിയമലംഘനങ്ങൾ കൂടി നോക്കുക. സ്പീഡ് ഗർണറുമായുള്ള ബന്ധം വിഛേദിച്ചിരുന്നു. ബസ് അമിതവേഗതയിലായിരുന്നു. അനുവദനീയമായതിനേക്കാൾ ഏഴ് സീറ്റ് കൂടുതൽ ബസിലുണ്ടായിരുന്നു. പുറകുവശത്തെ രണ്ട് ടയറുകൾ പൂർണമായും തേയ്മാനം വന്ന നിലയിലായിരുന്നു. ബസ്സിൽ ജിപിഎസ് അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. നേരത്തെ മനോരമ ന്യൂസ് ചൂണ്ടിക്കാട്ടിയ അതേ നിയമനങ്ങൾ തന്നെയാണ് അപകടത്തിൽപ്പെട്ട ബസും നടത്തിയത്. അതായത് അന്ന് ചൂണ്ടിക്കാണിച്ച നിയമലംഘനങ്ങളിൽ കൃത്യമായി നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ കഴിഞ്ഞ ദിവസത്തെ അപകടം ഒഴിവാക്കാമായിരുന്നു എന്നർത്ഥം