നെയ്യാറ്റിൻകര സ്വദേശി എസ്. സനലിനെ കാറിനു മുൻപിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ പ്രതിയായതോടെ സസ്പെൻഷനിലായ ഡിവൈ എസ്പി പി. ഹരികുമാർ ഉടൻ കീഴടങ്ങിയേക്കും. ഇടനിലക്കാർ ചില ഭരണകക്ഷി നേതാക്കളുമായും പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവുമായും ബന്ധപ്പെട്ടതായി സ്പെഷൽ ബ്രാഞ്ചിനു സൂചന ലഭിച്ചു .
കോടതിയുടെ നിലപാടാണ് ഹരികുമാറിന്റെ എല്ലാ പ്ലാനുകളും പൊളിച്ചത്. മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി 14 ലേക്ക് മാറ്റിയതാണു ഹരികുമാറിനെ വെട്ടിലാക്കി. പൊലീസ് ഒത്താശയില്ലാതെ ഇത്രയും ദിവസം ഒളഇവിൽ താമസിക്കുക നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്ന തിരിച്ചറിവാണ് കീഴടങ്ങാൻ ഹരികുമാറിനെ പ്രേരിപ്പിക്കുന്നത്. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് എസ്പി കെ.എം. ആന്റണിയുടെ സംഘം ഹരികുമാറിന്റെയും സുഹൃത്ത് ബിനുവിന്റെയും ബന്ധുവീടുകളിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. പ്രതിയെ സംരക്ഷിക്കാൻ സാധ്യതയുള്ള ചില ക്വാറി ഉടമകളും നിരീക്ഷണത്തിലാണ്.
നെയ്യാറ്റിന്‍കരയിലുള്ള രണ്ട് ക്വാറി ഉടമകളും തമിഴ്നാട്ടില്‍ ഇഷ്ടിക വ്യവസായമുള്ള ബിസിനസുകാരനുമാണ് ഹരികുമാറിനു ഒളിവില്‍ പോകാന്‍ സഹായിച്ചതും ,ഒളിവില്‍ കഴിയാന്‍ ഇപ്പോള്‍ അവസരമൊരുക്കുന്നതെന്നാണ് സൂചന. ഇവരുടെ തന്നെ ദുബായിലുള്ള ബന്ധുവിന്റെ അടുത്തേക്ക് ബാംഗ്ളൂരു വഴി മാറ്റാന്‍ തീരുമാനിച്ചെങ്കിലും പാസ്പോര്‍ട്് കണ്ടുകെട്ടാനുള്ള ഐ.ജി യുടെ തീരുമാനത്തില്‍ പാളുകയായിരുന്നെന്നും സൂചന ലഭിച്ചിട്ടുണ്ട്.
ഹരികുമാര്‍–ക്വാറി–രാഷ്ട്രീയ നേതൃത്വം ബന്ധം നെയ്യാറ്റിന്‍കരയിലെ സജീവ ചര്‍ച്ചയുമാണ്. ഇവരുടെ സഹായത്തോടെ തമിഴ്നാട്ടിലുള്ള ഹരികുമാരിനെ കണ്ടെത്താനാണ് തമിഴ്നാട് പൊലീസിന്റെ സഹായം തേടിയത്. കേസ് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ ഹരികുമാറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ച് വ്യക്തമായ ധാരണയും രക്ഷപ്പെടാന്‍ സഹായിച്ച വഴികളും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടടക്കമുണ്ടായിട്ടും നടപടിയെടുക്കാന്‍ പൊലീസിനു സാധിച്ചില്ല
കീഴടങ്ങുമ്പോൾ നെയ്യാറ്റിൻകര ജയിലിലേക്കു റിമാൻഡ് ചെയ്താൽ അവിടെ ഡിവൈഎസ്പിയുടെ ശത്രുക്കൾ ഏറെയുണ്ടെന്നാണ് അടുപ്പക്കാരുടെ ഭയം. അതിനാൽ കൊല്ലം ജില്ലയിൽ കീഴടങ്ങാനാണ് ആലോചന. എന്നാൽ അതിനു മുൻപേ ഇയാളെ അറസ്റ്റ് ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം. പ്രതി തമിഴ്നാട്ടിലുണ്ടെന്നാണു സംശയം.
നിലവിൽ ഹരികുമാർ മാത്രമാണു കേസിൽ പ്രതി. കൊലക്കുറ്റമാണു (302) ചുമത്തിയിട്ടുള്ളത്. സനലിനെ ഇടിച്ചു തെറിപ്പിച്ച കാറിന്റെ ഡ്രൈവർ കേസിൽ സാക്ഷിയാകാനാണു സാധ്യതയെന്നു പൊലീസ് പറഞ്ഞു. സനലിനെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ പൊലീസുകാർ ഉൾപ്പെടെ പ്രതികളാകുമോയെന്നതു ഹരികുമാറിന്റെ അറസ്റ്റിനു ശേഷമേ തീരുമാനിക്കൂ. ഇയാളുടെ സർവീസ് റിവോൾവർ സ്റ്റേഷനിൽ തന്നെയുണ്ടെന്നു റേഞ്ച് ഐജി മനോജ് ഏബ്രഹാം അറിയിച്ചു.
സംഭവശേഷം സുഹൃത്ത് ബിനുവുമായി കാറിൽ രക്ഷപ്പെട്ട ഹരികുമാർ മൊബൈൽ ഫോണുകൾ ഓഫാക്കുന്നതിനു മുൻപു പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവുമായി ഒന്നിലേറെ തവണ ബന്ധപ്പെട്ടതായി സ്പെഷൽ ബ്രാഞ്ചിനു വിവരം ലഭിച്ചു. ഈ നേതാവ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായി പലവട്ടം ഫോണിൽ സംസാരിച്ചു. ഒടുവിൽ സനലിന്റെ മരണം മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ഥിരീകരിച്ചപ്പോൾ ഈ നേതാവ് തന്നെയാണു ഹരികുമാറിനെ അറിയിച്ചതെന്നും സൂചനയുണ്ട്.
അതിനു ശേഷമാണു താൻ തൽക്കാലം മാറിനിൽക്കുന്നെന്നു റൂറൽ എസ്പി അശോക് കുമാറിനെ അറിയിച്ച ശേഷം ഫോൺ ഓഫാക്കി ഹരികുമാർ മുങ്ങിയത്. അതിനിടെ, സംഭവത്തിനു ദൃക്സാക്ഷിയായ ഹോട്ടലുടമയ്ക്കും കുടുംബത്തിനുമെതിരെ വധഭീഷണി. ക്രൈംബ്രാഞ്ചിനു ഹോട്ടലുടമ മാഹിൻ മൊഴി നൽകിയ ശേഷമാണു ഗുണ്ടാസംഘം പലവട്ടം ഹോട്ടലിലെത്തി ഭീഷണിപ്പെടുത്തിയതെന്നാണു പരാതി. ഇതേത്തുടർന്ന് ഇവർക്കു ഹോട്ടൽ അടച്ചുപൂട്ടേണ്ടി വന്നു.