കാൻസർ രോഗത്തിന് പിടികൊടുക്കാതെ രുചിക്കൂട്ടുകളാൽ ജീവിതത്തിന് സന്തോഷം കണ്ടെത്തിയിരിക്കുകയാണ് കോട്ടയം പാലായിലെ കള്ളിവയലിൽ മറിയ എബ്രഹാം. സ്വന്തം തോട്ടത്തിൽ നിന്നുളള ചക്കയും മാങ്ങയും വാഴപ്പഴവുമൊക്കെ രുചിയേറും വിഭവങ്ങളാക്കിയാണ് മറിയ എബ്രഹാമിന്റെ കൈപ്പുണ്യം തുടരുന്നത്.
പ്രായം വെറും നമ്പറാണെന്ന് പറഞ്ഞുവച്ച് 67കാരിയായ മറിയ എബ്രഹാം കൂട്ടിക്കൊണ്ടുപോയത് കള്ളിവയലിൽ തറവാടിന്‍റെ അടുക്കളയിലേക്കാണ്. ജീവിത സന്തോഷം രുചിച്ചറിയുന്നയിടം.
അമ്മയുടെ പാചകക്കുറിപ്പുകളിലൂടെ പകർന്ന കൈപ്പുണ്യമാണ്. എസ്റ്റേറ്റിൽ വിളവെടുക്കുന്നതൊക്കെയാണ് ഇവിടെ വിഭവങ്ങളാക്കുന്നത്. ഓൺലൈൻ വിപണിയാണ് പ്രധാനം.
2022 ൽ വായ്ക്കുള്ളിലുണ്ടായ കാൻസർ രോഗത്തെയും മറിയ എബ്രഹാം ആത്മവിശ്വാസത്തോടെ തോൽപ്പിച്ചു. മറിയയ്ക്ക് പിന്തുണയുമായി ഭർത്താവ് ഇട്ടി അവിര എബ്രഹാമും മക്കളുമൊക്കെ കൂടെയുണ്ട്.