വൃക്കയില്‍ കാന്‍സര്‍ ബാധിച്ച് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചുവന്ന ചെറുപ്പകാരനാണ് വയനാട് പടിഞ്ഞാറത്തറയിലെ ഓട്ടോ ഡ്രൈവറായ ജനീത്. കണ്ടാല്‍ തിരിച്ചറിയാന്‍ പോലും കഴിയാതിരുന്ന കാലത്ത് നിന്ന്, ചിട്ടയായ ചികിത്സയും മനക്കരുത്തും കൊണ്ടാണ് ജനീത് കാന്‍സറിനെ അതീജീവിച്ചത്.
കണ്ടാല്‍ പരിചയക്കാര്‍ക്ക് പോലും മനസിലാകാത്ത ഒരു രൂപമുണ്ടായിരുന്നു ജനീതിന്. രണ്ട് വര്‍ഷം മുന്‍പ് കാന്‍സര്‍ തളര്‍ത്തിയ നാളുകള്‍. എന്നാല്‍ ഇന്നത്തെ ജനീത് അങ്ങനെയല്ല. കൂടുതല്‍ ആവേശത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. തന്‍റെ ഉപജീവന മാര്‍ഗമായിരുന്ന ഓട്ടോയുടെ ഡ്രൈവിങ് സീറ്റില്‍ ജനീതുണ്ട്. പൂര്‍ണ ഉല്‍സാഹത്തോടെ.
ചികില്‍സാ ചെലവിനായി നല്ല മനസുകള്‍ ചേര്‍ന്ന് ഒന്‍പത് ലക്ഷം രൂപ സമാഹരിച്ച് നല്‍കിയിരുന്നു. മനോരമ ന്യൂസ് വാര്‍ത്തയാണ് അന്ന് വെളിച്ചമായത്. വയറില്‍ ഒരു മുഴയുണ്ടായി. പിന്നീടാണ് വൃക്കയിലാണ് കാന്‍സര്‍ എന്ന് മനസിലാകുന്നത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന്‍റെ ആശ്രയമായിരുന്നു. വീണിട്ടും തളര്‍ന്നില്ല.. ആര്‍സിസിയിലെ ചിട്ടയായ ചികിത്സ. ആത്മവിശ്വാസം.. അത് തന്നെയായാരുന്നു അതിജീവനം.
ആളുകള്‍ തന്നെ മാറാ രോഗിയായി കണ്ടപ്പോളും മടങ്ങിവരുമെന്ന പ്രതീക്ഷ ജനീതിനുണ്ടായിരുന്നു. ചികിത്സയില്‍ വിശ്വാസം ഉണ്ടായിരുന്നു. ഈ അതിജീവനം എല്ലാവര്‍ക്കും വലിയ ആത്മവിശ്വാസം പകരുന്നു.