സ്ത്രീ ശാക്തീകരണത്തിന്‍റെ മാതൃകകളായ വനിതാസ്വയംസംരംഭകരുടെ വിജയങ്ങളെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മനോരമന്യൂസ് ചാനല്‍ സംഘടിപ്പിച്ച 'പെണ്‍താരം'പരിപാടിയുടെ മൂന്നാം സീസണ് തുടക്കം കുറിക്കുകയാണ്. വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിലായി മൊത്തം പത്തുലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകളാണ് ഓരോ സീസണുകളിലും വിതരണം ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഈ സംരംഭത്തോടൊപ്പം സഹകരിച്ച മെഡിമിക്സ് എവിഎ ഗ്രൂപ്പാണ് മൂന്നാം സീസണിലും മുഖ്യപ്രായോജകര്‍.
2023 ലാണ് പെണ്‍താരം ഒന്നാം സീസണ്‍ ആരംഭിച്ചത്. ഒരു മാസംകൊണ്ട് അന്‍പതോളം വനിതകളുടെ വിജയകഥകള്‍ മനോരമ ന്യൂസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു.സാധാരണ ജീവിത സാഹചര്യങ്ങളിൽ നിന്ന് സ്വയം സംരംഭകത്വത്തിലൂടെ ജീവിത വിജയം കൈവരിച്ച വനിതകളെയും വനിതാ കൂട്ടായ്മകളെയുമാണ് അവതരിപ്പിച്ചത്. ഇതില്‍ നിന്ന് രണ്ടാംഘട്ടത്തിലേക്ക് പ്രേക്ഷകരുടെ കൂടി അഭിപ്രായം പരിഗണിച്ച് പത്തു കൂട്ടായ്മകളെയും പത്ത് വ്യക്തിഗത താരങ്ങളെയും തിരഞ്ഞെടുത്തു.
ഇവര്‍ ജൂറി അംഗങ്ങള്‍ക്കു മുന്നിലെത്തി അനുഭവങ്ങള്‍ പങ്കിട്ടു. തുടര്‍ന്നുള്ള ഫിനാലെയില്‍ വ്യക്തികളും കൂട്ടായ്മകളുമായി എട്ട് വിജയികളെ തിരഞ്ഞെടുത്ത് ആദരിച്ചു. പെണ്‍താരം രണ്ടാം സീസണില്‍ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലുള്ള 15വനിതാ സംരംഭകരില്‍ നിന്നും 15വനിതാ സംരംഭകത്വ കൂട്ടായ്മകളില്‍ നിന്നുമാണ് പെണ്‍താരം ഫിനാലെയില്‍ 7പേര്‍ വിജയികളായത്.
വ്യക്തിഗത ഇനത്തില്‍ കോഴിക്കോട് മുക്കത്തു നിന്നുള്ള ആഷിക ഖദീജ ഒന്നാം സമ്മാനം നേടി. ഹാന്‍ഡ്ക്രാഫ്റ്റഡ് ചോക്ളേറ്റ് ബ്രാന്‍ഡായ റോച്ചി ചോക്ളേറ്റ്സിന്‍റെ നിര്‍മാണവും വിപണനവുമായിരുന്നു ആഷികയുടെ സംരംഭം. മുണ്ടക്കൈ– ചൂരല്‍മല ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട മേപ്പാടിയില്‍ തയ്യല്‍ക്കടയും റെഡിമെയ്ഡ് ഷോപ്പും നടത്തുന്ന ഷമീറത്ത് രണ്ടാം സമ്മാനം നേടി.
റെഡി ടു കുക്ക് കട്ട് വെജിറ്റബിള്‍സ് യൂണിറ്റും ക്ളൗഡ് കിച്ചണും നടത്തുന്ന പാലക്കാട് നിന്നുള്ള എം.ഷൈനിക്കായിരുന്നു മൂന്നാം സമ്മാനം.
വനിതാ കൂട്ടായ്മകളില്‍ ഒന്നാം സമ്മാനം എറണാകുളത്തെ 'ഓസം ബൈറ്റ്സ്'നേടി. ഓട്ടിസം കുട്ടികളുടെ അമ്മമാര്‍ കുട്ടികളുമായി ചേര്‍ന്ന് തയാറാക്കുന്ന കുക്കീസും ബിസ്കറ്റുകളും അവര്‍ ഓസം ബൈറ്റ്സ് എന്ന പേരില്‍ വിപണിയിലെത്തിക്കുന്നു.
രണ്ടാം സമ്മാനം കാസർകോട് ഭീമനടിയില്‍ ടൂവീലർ വർക്ക് ഷോപ്പ് നടത്തുന്ന സിഗ്നോറ ഗ്രൂപ്പിനായിരുന്നു. വനിതാ മെക്കാനിക്കുകള്‍ നടത്തുന്ന വർക്ക് ഷോപ്പ് കേരളത്തിലെ ഇത്തരത്തിലെ ആദ്യ സംരംഭമാണ്. കാസർകോട് പിലിക്കോട്ടെ ഗ്രാമകിരണം എല്‍ഇഡി ബൾബ് യൂണിറ്റിനായിരുന്നു മൂന്നാം സമ്മാനം. തെരുവുവിളക്കുകള്‍ നന്നാക്കി നാടൊട്ടുക്ക് പ്രകാശം പരത്തുന്നു ഈ കൂട്ടായ്മ.
കോഴിക്കോട് പറമ്പിൽ ബസാറിലെ സ്വരലയം ശിങ്കാരിമേളം ടീം ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് അര്‍ഹരായി. 13 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ടീമില്‍15 വയസ്സു മുതല്‍ 60വയസ്സുവരെയുള്ള സ്ത്രീകളുണ്ട്. നടിയും സംരംഭകയുമായ പൂര്‍ണിമ ഇന്ദ്രജിത്, ഡോ.ദിവ്യ എസ്.അയ്യര്‍ ഐഎഎസ്, ബി.കെ.ഹരിനാരായണന്‍ എന്നിവരായിരുന്നു കഴിഞ്ഞ സീസണിലെ ജൂറി അംഗങ്ങള്‍.
മൂന്നാം സീസണിലും പത്തുലക്ഷം രൂപയുടെ കാഷ് അവാര്‍ഡുകളാണ് സ്വയംസംരംഭങ്ങളിലൂടെ വിജയം കൈവരിച്ച വനിതകള്‍ക്കും വനിതാകൂട്ടായ്മകള്‍ക്കുമായി വിതരണം ചെയ്യുന്നത്.