Image Credit: X@SamKodial
വന്ദേഭാരതിൽ വിളമ്പിയ പരിപ്പുവടയിൽ മെറ്റൽ ബോൾട്ട് കണ്ടെത്തിയതായി പരാതി. ബെംഗളൂരു– ബെൽഗാവി റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേഭാരതിലെ യാത്രക്കാരനാണ് സോഷ്യൽ മീഡിയയിൽ ചിത്രം സഹിതം പരാതി ഉന്നയിച്ചത്.
Also Read: കേരളത്തിന് പുതിയ തീവണ്ടി; മംഗളൂരു–കൊല്ലം റൂട്ടിൽ ഒരു മാസത്തേക്ക് പ്രതിവാര സർവീസ്
സമർത്ത് കോഡിയൽ എന്ന് യാത്രക്കാരനാണ് തനിക്കുണ്ടായ അനുഭവം എക്സിൽ കുറിച്ചത്. ബെംഗളൂരുവിൽ നിന്ന് ബെലഗാവിയിലേക്കുള്ള യാത്രയ്ക്കിടെ വന്ദേ ഭാരത് ഭക്ഷണത്തിൽ വടയിൽ വലിയ ബോൾട്ട് കണ്ടെത്തി. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലെ വലിയ വീഴ്ചയാണിതെന്നും അദ്ദേഹം എഴുതി.
പങ്കുവച്ച ചിത്രത്തിൽ ട്രേയിൽ പകുതി കഴിച്ച പരിപ്പുവടയും സമീപത്തായി മെറ്റൽ ബോട്ടും കാണാം. ഇന്ത്യൻ റെയിൽവേയെയും ഐആർസിടിസിയെയും ടാഗ് ചെയ്താണ് പോസ്റ്റ്.
പരാതിക്കു പിന്നാലെ ഐആർസിടിസി വിഷയത്തിൽ ഇടപെട്ടു. സംഭവം ഗൗരവമായി എടുക്കുകയും ബന്ധപ്പെട്ടവർക്കെതിരെ കർശന ശിക്ഷാ നടപടി സ്വീകരിക്കുകയും ചെയ്തതായി ഐആർസിടിസി അറിയിച്ചു. സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഐആർസിടിസി പോസ്റ്റിനു മറുപടിയായി കുറിച്ചു.