pt-5-elephant-01

കര്‍ണാടകയിലെ ഹാസൻ ജില്ലയിലെ ബേലൂരിൽ കാട്ടാന ശല്യം രൂക്ഷമായതോടെ  56 കാട്ടാനകളെ മാറ്റാനുള്ള വിപുലമായ ദൗത്യവുമായി കർണാടക വനംവകുപ്പ് രംഗത്തിറങ്ങിയപ്പോൾ ഇടുക്കിയിലെ ചിന്നക്കനാലിൽ ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനാണ് കേരളത്തിന്‍റെ ശ്രമം. 465 ഉദ്യോഗസ്ഥരും 15 കുങ്കിയാനകളും അണിനിരന്ന ഓപ്പറേഷൻ ഗജ കർണാടകയുടെ വലിയൊരു വന്യജീവി നിയന്ത്രണ ദൗത്യമാണ്. മറുവശത്ത്, ചക്കക്കൊമ്പന്‍റെ സഞ്ചാരം നിരീക്ഷിച്ച് ജനവാസ മേഖലകളിലെ  ആക്രമണസാധ്യത കുറയ്ക്കുകയാണ് കേരളത്തിന്‍റെ ലക്ഷ്യം. രണ്ട് സംസ്ഥാനങ്ങളും മുന്നോട്ടുവയ്ക്കുന്നത് മനുഷ്യരുടെ സുരക്ഷയ്ക്കൊപ്പം വന്യജീവി സംരക്ഷണത്തിനും പ്രാധാന്യം നൽകുന്ന ഇടപെടലുകളാണ്.

ഹാസൻ ജില്ലയിലെ ബേലൂർ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായതോടെയാണ് കർണാടക വനംവകുപ്പ് ഓപ്പറേഷൻ ഗജയ്ക്ക് തുടക്കമിട്ടത്. ജനവാസ മേഖലകളിലിറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യരുടെ ജീവന് ഭീഷണിയാവുകയും ചെയ്യുന്ന ആനകളെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ബേലൂർ മേഖലയിൽ നിന്ന് 56 കാട്ടാനകളെ ആറ് കൂട്ടങ്ങളായി തിരിച്ച് ചിക്കമഗളൂരു ജില്ലയിലെ ഭദ്ര വന്യജീവി സങ്കേതത്തിലേക്ക് തുരത്താനായിരുന്നു പദ്ധതി. ഇതിനുപുറമെ മനുഷ്യരുടെ മരണത്തിനിടയാക്കിയ രണ്ട് ആനകളെ പിടികൂടി മാറ്റാനും തീരുമാനിച്ചു.

നവംബർ 18, 19 തീയതികളിലായാണ് രണ്ട് കൊമ്പന്മാരെ പിടികൂടിയത്. 35 വയസ്സുള്ള ആനയെ നാഗർഹോളിലെ മത്തിഗോഡു ആനത്താവളത്തിലേക്കും 15 വയസ്സുള്ള ആനയെ ബന്ദിപ്പൂർ വനമേഖലയിലേക്കുമാണ് മാറ്റിയത്. രണ്ടാമത്തെ ആനയ്ക്ക് റേഡിയോ കോളറും ഘടിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരും ഉൾപ്പെടെ 465 പേരെയാണ് ഓപ്പറേഷനായി വിന്യസിച്ചത്. 15 കുങ്കിയാനകളും 50 പൊലീസുകാരും സംഘത്തിലുണ്ടായിരുന്നു. ആനകളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനും അവയെ സുരക്ഷിതമായി നിയന്ത്രിക്കുന്നതിനും വിപുലമായ സംവിധാനങ്ങളും ഒരുക്കി.

എന്നാൽ 56 ആനകളെ ഭദ്രയിലേക്ക് മാറ്റാനുള്ള നീക്കത്തിന് പ്രാദേശിക പ്രതിഷേധം തിരിച്ചടിയായി. ആനകളെ മാറ്റുന്നത് ഭദ്രയ്ക്ക് സമീപമുള്ള ജനവാസ മേഖലകളിൽ പുതിയ സംഘർഷങ്ങൾക്ക് വഴിവെക്കുമെന്നായിരുന്നു നാട്ടുകാരുടെ ആശങ്ക. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് എം.എല്‍.എ നയന മൊട്ടമ്മ രാജിഭീഷണി വരെ മുഴക്കിയിരുന്നു. ഇതോടെ ബാക്കിയുള്ള ആനകളെ മാറ്റാനുള്ള ദൗത്യം താൽക്കാലികമായി നിർത്തിവച്ചു. വിഷയത്തിൽ നവംബർ 30ന് വനംമന്ത്രി രാമലിംഗ റെഡ്ഡിയുടെ നേതൃത്വത്തിൽ യോഗം ചേരും.

കർണാടകയിൽ ഒരു വലിയ ആനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള നീക്കം നടക്കുമ്പോൾ കേരളത്തിൽ ഇടുക്കിയിലെ ചിന്നക്കനാലിൽ ജനവാസ മേഖലകളിൽ നിരന്തരം എത്തുന്ന ചക്കക്കൊമ്പനെയാണ് വനംവകുപ്പ് ലക്ഷ്യമിട്ടത്.

ആനയെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കുകയാണ് ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. റേഡിയോ കോളർ വഴി ആനയുടെ സഞ്ചാരം തല്‍സമയം നിരീക്ഷിക്കാനും ജനവാസ മേഖലകളിലേക്ക് എത്തുന്നതിന് മുൻപ് മുന്നറിയിപ്പ് നൽകാനും സാധിക്കും. ആനയെ മറ്റൊരു വനമേഖലയിലേക്ക് മാറ്റുന്നതല്ല, നിലവിലുള്ള ആവാസമേഖലയിൽ തന്നെ സഞ്ചാരം നിരീക്ഷിച്ച് സംഘർഷസാധ്യത കുറയ്ക്കുകയാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്.

നവംബർ 25നാണ് ദൗത്യം ആരംഭിച്ചത്. 140ഓളം ഉദ്യോഗസ്ഥരും രണ്ട് കുങ്കിയാനകളും നാല് വെറ്ററിനറി ഡോക്ടർമാരും ഉൾപ്പെടുന്ന സംഘമാണ് രംഗത്തുള്ളത്. ഡ്രോണുകളും ആനയുടെ നീക്കം നിരീക്ഷിക്കാൻ ഉപയോഗിക്കുന്നുണ്ട്.

നവംബർ 25ന് വൈകിട്ട് മൂന്നരയോടെ ചക്കക്കൊമ്പന് മയക്കുവെടിവച്ചെങ്കിലും മരുന്നിന്‍റെ പൂർണ ഫലം ലഭിക്കുന്നതിന് മുൻപ് ആന കാട്ടിലേക്ക് നീങ്ങി. കനത്ത മൂടൽമഞ്ഞും മോശം കാലാവസ്ഥയും ആനയെ കണ്ടെത്തുന്നതിന് തടസ്സമായി. തുടർന്നുള്ള ദിവസങ്ങളിലും ആനയെ സുരക്ഷിതമായി മയക്കുവെടിവെക്കാൻ അനുയോജ്യമായ സാഹചര്യം ലഭിച്ചില്ല. തുടര്‍ന്ന് 27 ഉച്ചയ്ക്ക് ശേഷം വെടി ലക്ഷ്യം കൊള്ളുകയായിരുന്നു.

കർണാടകയിലെയും കേരളത്തിലെയും ദൗത്യങ്ങൾ ലക്ഷ്യത്തിലും പ്രവർത്തനരീതിയിലും വ്യത്യസ്തമാണ്. കർണാടകയിൽ ജനവാസ മേഖലകളിൽ സംഘർഷമുണ്ടാക്കുന്ന ആനക്കൂട്ടത്തെ മറ്റൊരു വനമേഖലയിലേക്ക് മാറ്റാനാണ് ശ്രമം. കേരളത്തിൽ ചക്കക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷണ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനാണ് നീക്കം. രണ്ട് ദൗത്യങ്ങളിലും വനംവകുപ്പിന്‍റെ വലിയ ഉദ്യോഗസ്ഥസംഘവും കുങ്കിയാനകളും വെറ്ററിനറി വിദഗ്ധരും നിർണായക പങ്കുവഹിക്കുന്നു. ആനകളുടെ സ്വഭാവവും സഞ്ചാരരീതിയും ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചാണ് ഓരോ നീക്കവും ആസൂത്രണം ചെയ്യുന്നത്. ആനകളെ പിടികൂടി മാറ്റുന്നതും അവയുടെ സഞ്ചാരം നിരീക്ഷിക്കുന്നതും ഒരുപോലെ വെല്ലുവിളികൾ നിറഞ്ഞ പ്രവർത്തനങ്ങളാണ്. മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ആനകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറയ്ക്കാൻ ശാസ്ത്രീയമായ ഇടപെടലുകൾ എത്രത്തോളം ഫലപ്രദമാകുമെന്നതാണ് ഈ രണ്ട് ദൗത്യങ്ങളും മുന്നോട്ടുവെക്കുന്ന പ്രധാന ചോദ്യം.

ENGLISH SUMMARY:

Contrasting wildlife management strategies adopted by Karnataka and Kerala to handle escalating human-elephant conflicts through massive relocation and radio-collaring operations. Both states are striving to balance human safety with the conservation of natural wildlife habitats.