gujarat-vehicle

സ്വകാര്യ വാഹനങ്ങളിൽ ജാതിപ്പേരുകളോ ജാതി സൂചിപ്പിക്കുന്ന ചിഹ്നങ്ങളോ അടയാളങ്ങളോ പ്രദർശിപ്പിക്കുന്നത് നിരോധിച്ച് ഗുജറാത്ത് സർക്കാർ. ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, കാറുകൾ, ബസ്സുകൾ, ട്രക്കുകൾ തുടങ്ങിയ എല്ലാ സ്വകാര്യ വാഹനങ്ങൾക്കും ഈ നിരോധനം ബാധകമാണ്. സംസ്ഥാന തുറമുഖ-ഗതാഗത വകുപ്പ് നവംബർ 17-നാണ് ‘ഗുജറാത്ത് മോട്ടോർ വെഹിക്കിൾസ് റൂൾസ്, 2026’ എന്ന പേരിൽ പുതിയ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചത്.

1989-ലെ ഗുജറാത്ത് മോട്ടോർ വാഹന ചട്ടങ്ങളിലെ റൂൾ 138-ൽ പുതിയ ഉപവകുപ്പ് (3) ഉൾപ്പെടുത്തിയും റൂൾ 125(1)-ൽ ഭേദഗതി വരുത്തിയുമാണ് ജാതി സൂചകങ്ങളായ എഴുത്തുകളും ചിഹ്നങ്ങളും നിയമവിരുദ്ധമാക്കിയത്. ‘പട്ടീദാർ’, ‘ക്ഷത്രിയ’ തുടങ്ങിയ ജാതിപ്പേരുകൾ വാഹനങ്ങളിൽ പതിപ്പിക്കുന്നത് സംസ്ഥാനത്ത് വ്യാപകമായ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നിർണ്ണായക നീക്കം. നേരത്തെ 2015-ൽ രാജ്കോട്ട് പൊലീസ് വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ നിന്ന് ഇത്തരം എഴുത്തുകൾ നീക്കം ചെയ്യാൻ പ്രത്യേക പരിശോധന നടത്തിയിരുന്നു. 

2023-ൽ ഉത്തർപ്രദേശിലെ നോയിഡയിലും ഗാസിയാബാദിലും സമാനമായ പരിശോധനയിലൂടെ 2,300-ലധികം വാഹനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു. എന്നാൽ, നമ്പർ പ്ലേറ്റുകൾക്ക് പുറമെ വാഹനത്തിന്റെ മറ്റ് ഭാഗങ്ങളിൽ പതിപ്പിക്കുന്ന ജാതി സൂചകങ്ങളെയും പുതിയ ഭേദഗതിയിലൂടെ ഗുജറാത്ത് സർക്കാർ പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്.

ജൂൺ 11-ന് ഗസറ്റിൽ കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും പൊതുജനങ്ങളിൽ നിന്ന് എതിർപ്പുകളും നിർദ്ദേശങ്ങളും ക്ഷണിക്കാൻ 30 ദിവസത്തെ സമയം നൽകുകയും ചെയ്തിരുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്തിമ വിജ്ഞാപനം പുറത്തിറക്കിയതെന്ന് സർക്കാർ വ്യക്തമാക്കി. സർക്കാരിന്റെ പ്രത്യേകമോ പൊതുവായതോ ആയ ഉത്തരവുകളിലൂടെ ഇളവ് ലഭിക്കുന്ന സാഹചര്യങ്ങളിലൊഴികെ, ഇനി മുതൽ സ്വകാര്യ വാഹനങ്ങളിൽ ഇത്തരം പ്രദർശനങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു. 

ENGLISH SUMMARY:

Gujarat vehicle caste ban implemented by the state government prohibits displaying caste names and symbols on all private vehicles. The new amendment under the Gujarat Motor Vehicles Rules aims to crack down on caste-based indicators on cars and two-wheelers.