വിഡിയോകോണ്‍ വായ്പാ തട്ടിപ്പ് കേസില്‍ ICICI മുന്‍ സിഇഒ ചന്ദ കൊച്ചറിന് ആശ്വാസം. ചന്ദ കൊച്ചാറിനെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ സിബിഐക്ക് ICICI നല്‍കിയ അനുമതി ബോംബെ ഹൈക്കോടതിയുടെ ജസ്റ്റിസ് മിലിന്ത് ജാദവ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി. ഇതോടെ അഴിമതി നിരോധന നിയമപ്രകാരം പ്രത്യേക കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍മേലുള്ള തുടര്‍നടപടികളും റദ്ദായി. 

2023 മേയ് 15നായിരുന്നു കൊച്ചാറിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ICICI ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. എന്നാല്‍ ഈ നടപടി നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. ബാങ്ക് സിഇഒയെ പുറത്താക്കാനും നിയമനടപടി സ്വീകരിക്കാനും അധികാരമുള്ളത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മാത്രമാണെന്നും ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡിന് ഇതിനുള്ള യാതൊരു അധികാരവുമില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് രേഖകള്‍ വ്യക്തമായി പരിശോധിക്കാതെയാണ് ബോര്‍ഡ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും വിധിയില്‍ പറയുന്നു. 

 2009-2012 കാലയളവിൽ ചന്ദ കൊച്ചാല്‍ ICICI സിഇഒ ആയിരിക്കെ വേണുഗോപാൽ ധൂതിന്‍റെ ഉടമസ്ഥതയിലുള്ള വീഡിയോകോൺ ഗ്രൂപ്പിന് ഏകദേശം 3,250 കോടി രൂപയുടെ വായ്പകൾ അനുവദിച്ചതിൽ വൻ ക്രമക്കേട് നടന്നുവെന്നാണ് കേസ്. വായ്പ അനുവദിച്ചതിന് പ്രത്യുപകാരമായി ചന്ദ കൊച്ചാറിന്‍റെ ഭർത്താവ് ദീപക് കൊച്ചാറിന്‍റെ  'ന്യൂ പവർ റിന്യൂവബിൾസ്' (NuPower Renewables) എന്ന കമ്പനിയിൽ വീഡിയോകോൺ ഗ്രൂപ്പ് നിക്ഷേപം നടത്തിയെന്നാണ് സി.ബി.ഐയുടെ പ്രധാന കണ്ടെത്തൽ.

ഈ കേസുമായി ബന്ധപ്പെട്ട് 2022 ഡിസംബറിൽ സി.ബി.ഐ കൊച്ചാർ ദമ്പതികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2023 ജനുവരിയിൽ ബോംബെ ഹൈക്കോടതി ഇവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പുതിയ ഉത്തരവ് ചന്ദ കൊച്ചാറിന് കേസിൽ വലിയ നിയമപരമായ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

ENGLISH SUMMARY:

Chanda Kochhar ICICI case updates highlight the Bombay High Court quashing the prosecution sanction against the former CEO in the Videocon loan fraud matter. This significant legal development brings major relief to Chanda Kochhar as the special court proceedings initiated by the CBI have now been set aside.