സിജെപി സമരത്തില് പങ്കെടുത്തതിന്റെ പേരില് രാജ്യം വിടാന് ആവശ്യപ്പെട്ടുള്ള മുംബൈ പൊലീസിന്റെ നോട്ടിസിനെതിരെ ബോളിവുഡ് താരം ഇമ്രാന് ഖാന് കോടതിയെ ഹൈക്കോടതിയെ സമീപിക്കും. ബോംബെ ഹൈക്കോടതിയിലെ മുതിര്ന്ന അഭിഭാഷകന് സുല്ഫിക്കര് മേമന് വഴി വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ ഹര്ജി നല്കാനാണ് നീക്കം. ഫയല് ചെയ്തശേഷം അടിയന്തരമായി പരിഗണിക്കണമെന്ന് അഭ്യര്ഥിച്ച് ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠിയുടെ ബഞ്ചില് ഉന്നയിച്ചേക്കും.
ഈമാസം 28ന് മുന്പ് ഇന്ത്യ വിട്ടുപോകണമെന്നാണ് മുംബൈ പൊലീസ് ഇമ്രാന് ഖാന് നല്കിയ നോട്ടിസ്. യുഎസ് പൗരത്വമുള്ളയാളായതിനാല് ഇന്ത്യയില് സര്ക്കാര് വിരുദ്ധ പ്രതിഷേധങ്ങളിലും രാഷ്ട്രീയ സമരങ്ങളിലും പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുംബൈ പൊലീസ് നോട്ടിസ് നല്കിയത്. ഓവര്സീസ് സിറ്റിസണ് ഓഫ് ഇന്ത്യ കാര്ഡ് ഉള്ളയാളുകള് സമരങ്ങളില് പങ്കെടുക്കുന്നത് ഇമിഗ്രേഷന് നിയമമോ ഫോറിനേഴ്സ് ആക്ടോ വിലക്കുന്നില്ലെന്ന് ഇമ്രാന്റെ അഭിഭാഷകര് ചൂണ്ടിക്കാട്ടുന്നു.
സൂപ്പര്താരം ആമിര് ഖാന്റെ സഹോദരനാണ് ഇമ്രാന് ഖാന്. ഈമാസം പത്തിന് മുംബൈയില് ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് കോക്രോച്ച് ജനതാപാര്ട്ടിയുടെ ആഹ്വാനപ്രകാരം നടന്ന സമരത്തിലാണ് ഇമ്രാന് പങ്കെടുത്തത്. സമരത്തിനിടെ പൊലീസ് അദ്ദേഹത്തെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും പൊലീസ് വാഹനത്തില് കയറ്റിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ജീവിതപങ്കാളിയായ ലേഖ വാഷിങ്ടണ്, ബന്ധു സെയ്ന് മേരി ഖാന് എന്നിവരും അറസ്റ്റ് വരിച്ചു. പൊലീസ് അതിക്രമത്തെക്കുറിച്ച് പൊലീസ് വാഹനത്തില് ഇരുന്നുതന്നെ ഇവര് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.
1983ല് അമേരിക്കയില് ജനിച്ച ഇമ്രാന് ഖാന് മുംബൈയിലും അമേരിക്കന് നഗരമായ മാഡിസണിലുമാണ് കഴിഞ്ഞിരുന്നത്. 1988ല് ആമിര് ഖാന് ചിത്രമായ ‘ഖയാമത് സേ ഖയാമത് തക്കി’ല് ബാലതാരമായി സിനിമയില് അരങ്ങേറിയ ഇമ്രാന് ‘ജോ ജീത്താ വോഹീ സിക്കന്ദര്’, ‘മാട്രൂ കി ബിജ്ലീ കാ മണ്ഡോല’ തുടങ്ങി ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിരുന്നു. ഈ വര്ഷം പുറത്തിറങ്ങിയ ‘ഹാപ്പി പട്ടേല്’ ആണ് ഒടുവില് അഭിനയിച്ച ചിത്രം.