meeraben-modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ പേരിൽ ക്ഷേത്രം ഒരുങ്ങുന്നു. ആന്ധ്രാപ്രദേശിലെ ഗുഡിക്കല്ലു ഗ്രാമത്തിലെ അര ഏക്കർ സ്ഥലത്ത് പണിയുന്ന അമ്പലത്തിനായി ഞായറാഴ്ച തറക്കല്ലിട്ടു. മാതാ ശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റിയാണ് അമ്പലം പണിയുന്നത്. ഒരു മകന് തൻ്റെ അമ്മയോടുള്ള ആദരവിൻ്റെ പ്രതീകമായാണ് അമ്പലമെന്ന് ചാരിറ്റബിൾ സൊസൈറ്റി പ്രതികരിച്ചു.

അദോണി നിയോജകമണ്ഡലത്തിലെ ബിജെപി എംഎൽഎ പിവി പാർത്ഥസാരതിയാണ് അമ്പലത്തിനായുള്ള തറക്കല്ലിട്ടത്. പ്രധാനമന്ത്രിയുടെ അമ്മയ്ക്ക് വേണ്ടിയുള്ള ക്ഷേത്രം രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് പാർത്ഥസാരഥി പറഞ്ഞു. അമ്പലത്തിനു പുറമേ അതിനോട് ചേർന്ന് ഗോശാലയും പണിയാൻ ചാരിറ്റബിൾ സൊസൈറ്റി പദ്ധിയിട്ടിട്ടുണ്ട്. ആദ്യം സ്ഥലത്ത് ഒരു ഗോശാല നിർമ്മിക്കുമെന്നും തുടർന്ന് ഹീരാബെൻ മോദിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രം നിർമ്മിക്കുമെന്നും എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. ചടങ്ങിൽ ബിജെപി, ജനസേന, വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) എന്നിവയുൾപ്പെടെ വിവിധ പാർട്ടികളിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.  

അമ്പലത്തിലേക്കുള്ള ഹീരാബെൻ മോദിയുടെ മാർബിൾ വിഗ്രഹം മൂന്ന് ലക്ഷം രൂപ ചെലവിലാണ് നിർമ്മിച്ചത്. ഹീരാബെൻ മോദിയെ ആദരിക്കുന്നതിനായാണ് ക്ഷേത്രം നിർമ്മിക്കുന്നതെന്ന് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ശിവ കുമാർ പറഞ്ഞു. ഹീരാബെൻ ക്ഷേത്രത്തിനൊപ്പം, നിർദ്ദിഷ്ട സമുച്ചയത്തിൽ ശിവൻ, ദക്ഷിണാമൂർത്തി, ശ്രീരാമൻ, ഗണേശൻ എന്നിവരുടെ ക്ഷേത്രങ്ങളും ഉൾപ്പെടും,' അദ്ദേഹം പറഞ്ഞു. 2022 ഡിസംബർ 30നായിരുന്നു തന്റെ 99 ആം വയസിൽ ഹീരാബെൻ മോദി അന്തരിച്ചത്.

ENGLISH SUMMARY:

Heeraben Modi temple is being constructed in Andhra Pradesh as a unique tribute by the Mata Sree Mandiram Charitable Society. The foundation stone for this first-of-its-kind shrine dedicated to Prime Minister Narendra Modi's mother was laid by BJP MLA PV Parthasarathy.