''ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പുകള്‍ യഥാര്‍ഥത്തില്‍ 'ഡിജിറ്റൽ കൊള്ള'യാണ്, ഇത്തരം തട്ടിപ്പുകാരെ വിചാരണയ്ക്ക് മുൻപുതന്നെ ശിക്ഷിക്കുകയാണ് വേണ്ടത്'' ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രണ്ടാഴ്ച മുമ്പ് നടത്തിയ പ്രതികരണമാണിത്.  ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളടക്കം സൈബര്‍ തട്ടിപ്പുകള്‍ വ്യാപകമായതോടെ വിഷയത്തില്‍ സ്വമേധയ കേസെടുത്ത് നിരന്തരം ഇടപെടല്‍ നടത്തുന്നുണ്ട് സുപ്രീം കോടതി.   തട്ടിപ്പുകളില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ രാജ്യവ്യാപക അന്വേഷണവും തുടരുകയാണ്.  ഒട്ടേറെപ്പേരെ ഇതിനകം സി.ബി.ഐ അറസ്റ്റുചെയ്തു.  ബാങ്കുകള്‍ക്കടക്കം അനുബന്ധ നടപടികള്‍ക്കും നിര്‍ദേശം നല്‍കി.  എങ്കിലും തട്ടിപ്പുകള്‍ക്ക് ഇപ്പോഴും കുറവില്ല.  ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പില്‍ സുപ്രീം കോടതി ഇതുവരെ നടത്തിയ ഇടപെടലുകളും അതിന്‍റെ ഫലങ്ങളും പരിശോധിക്കാം.

സുപ്രീം കോടതി ഇടപെടലിന്റെ നാൾവഴികൾ– ഹരിയാനയിലെ വയോധിക ദമ്പതികളിൽനിന്ന് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ഒരു കോടിയിലധികം രൂപ കവർന്നെന്ന പരാതിയെത്തുടര്‍ന്നാണ് സുപ്രീംകോടതി വിഷയത്തില്‍ സ്വമേധയാ ഹര്‍ജി സ്വീകരിച്ചത്.  വ്യാജ കോടതി ഉത്തരവുകളിലൂടെയും വീഡിയോ കോളുകളിലൂടെയും ജഡ്ജിമാരെയും പൊലീസുകാരെയും വരെ കബളിപ്പിച്ച് പണം തട്ടിയ കേസുകള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍വന്നു.   രാജ്യത്തിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പെന്നാണ് സുപ്രീം കോടതി ഒരിക്കല്‍ നിരീക്ഷിച്ചത്.

* 2025 ഒക്ടോബറില്‍ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സി.ബി.ഐ, സംസ്ഥാന പൊലീസ് മേധാവിമാര്‍ എന്നിവർക്ക് നോട്ടീസ് അയച്ചു.  മുതിർന്ന അഭിഭാഷകൻ എൻ.എസ്. നപ്പിനായിയെ അമിക്കസ് ക്യൂറിയായി നിയമിച്ചു

* തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് രാജ്യവ്യാപകമായി അന്വേഷിക്കാൻ സി.ബി.ഐയോട് സുപ്രീം കോടതി നിർദ്ദേശിച്ചു.  2025 ഡിസംബറിലായിരുന്നു ഉത്തരവ്. മ്യൂൾ അക്കൗണ്ടുകൾ മരവിപ്പിക്കാൻ സംവിധാനങ്ങൾ നിർബന്ധമാക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ ആർ.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു.  സിം കാർഡ് വിതരണ മാനദണ്ഡങ്ങൾ കർശനമാക്കാൻ ടെലികോം കമ്പനികളോടും നിര്‍ദേശിച്ചു.

* ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിനും പണം തിരിച്ചുപിടിക്കുന്നതിനും റിസര്‍വ് ബാങ്ക് തയ്യാറാക്കിയ ഏകീകൃത സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ കോടതി അംഗീകരിച്ചു. 10 കോടി രൂപയ്ക്ക് മുകളിലുള്ള പ്രധാന കേസുകൾ സി.ബി.ഐ ഏറ്റെടുക്കാൻ തീരുമാനിക്കുകയും അന്വേഷണത്തിന് വേഗത്തിൽ അനുമതി നൽകാൻ സംസ്ഥാനങ്ങളോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു.  2026 ഫെബ്രുവരിയിലായിരുന്നു ഈ ഉത്തരവ്.

* ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിൽ ഏകീകൃത രീതി കൊണ്ടുവരുന്നതിനും ഇരകളുടെ പരാതി പരിഹാരം ശക്തിപ്പെടുത്തുന്നതിനും ബാങ്കുകള്‍ക്ക് കോടതി നിർദ്ദേശങ്ങൾ നല്‍കി.  മുഴുവൻ അക്കൗണ്ടും മരവിപ്പിക്കുന്നതിന് പകരം തർക്കത്തിലുള്ള തുക മാത്രം മരവിപ്പിക്കുന്നത് സംബന്ധിച്ചടക്കമാണ് ഈ വര്‍ഷം ഓഗസ്റ്റില്‍ നല്‍കിയ നിര്‍ദേശം.  

* ബാങ്കുകളുടെ ജാഗ്രതക്കുറവുകാരണം പണം നഷ്ടപ്പെട്ടാൽ ഇരകൾക്ക് പൂർണ്ണ നഷ്ടപരിഹാരം നൽകാൻ ബാങ്കുകളെ ആർ.ബി.ഐ നിർബന്ധിതരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തട്ടിപ്പുകളെക്കുറിച്ച് സംസ്ഥാനങ്ങളും വാട്‌സ്ആപ്പടക്കമുള്ള പ്ലാറ്റ്‌ഫോമുകളും നടപടി റിപ്പോർട്ട് നല്‍കാനും ഒക്ടോബറില്‍ കോടതി ഉത്തരവിട്ടു.  

കോടതി ഇടപെടലിന്‍റെ  ഫലങ്ങള്‍                                             * ഉത്തരവാദിത്തം ബാങ്കുകളിലേക്കും: ഇരകൾ സ്വമേധയാ പണം കൈമാറിയതാണെന്ന പേരില്‍ ബാങ്കുകൾ നേരത്തെ തട്ടിപ്പിന്‍റെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറിയിരുന്നു. എന്നാൽ ബാങ്കുകളുടെ ജാഗ്രതക്കുറവ് മൂലം തട്ടിപ്പ് നടന്നാൽ നഷ്ടപ്പെട്ട തുകയിൽ കുറയാത്ത നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ നിർബന്ധമായും നടപ്പാക്കണമെന്ന് സുപ്രീം കോടതി ആര്‍.ബി.ഐയോട് നിർദ്ദേശിച്ചു.

* പുതുക്കിയ കെ.വൈ.സി ബാധ്യതാ നിർദ്ദേശങ്ങൾ വിജ്ഞാപനം ചെയ്ത് പ്രാബല്യത്തിൽ വരുത്തുമെന്ന് കേന്ദ്ര സർക്കാരും ആർ.ബി.ഐയും കോടതിയെ അറിയിച്ചു

* ബാങ്കുകളിൽ മ്യൂൾ അക്കൗണ്ടുകൾ തത്സമയം കണ്ടെത്തുന്നതിനായി ആർ.ബി.ഐയുടെ എ.ഐ സംവിധാനവും സ്വന്തം സംവിധാനങ്ങളും സംയോജിപ്പിച്ചു സങ്കേതങ്ങള്‍ വികസിപ്പിച്ചുതുടങ്ങി

* തട്ടിപ്പ് നടത്തിയ ഏകദേശം 9,400 അക്കൗണ്ടുകൾ നീക്കം ചെയ്തതായി വാട്‌സ്ആപ്പ് കോടതിയെ അറിയിച്ചു.

* സർക്കാർ ഏജൻസികളെ അനുകരിക്കുന്ന വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതായി വാട്‌സ്ആപ്പ് അറിയിച്ചു.

* കൂട്ടമായി സിം നല്‍കുന്നത് തടയാനും ബയോമെട്രിക് ഇ-കെ.വൈ.സി നിയമങ്ങൾ കർശനമാക്കാനും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് നടപടിയെടുത്തു.

* പണം തിരിച്ചുപിടിക്കാന്‍ പരാതിക്കാര്‍ നല്‍കിയ ഏഴ് ലക്ഷത്തിലധികം  അപേക്ഷകൾ പരിഗണിക്കുകയും അഞ്ചര ലക്ഷത്തിലധികം കേസുകളിൽ അക്കൗണ്ടുകൾ മരവിപ്പിക്കാനും പണം തിരികെ നൽകാനും നടപടി.

സി.ബി.ഐയും പോലീസും മറ്റ് ഏജന്‍സികളും ഒട്ടേറെ തട്ടിപ്പുകാരെ ഇതിനകം അറസ്റ്റുചെയ്തുകഴിഞ്ഞു.  സര്‍ക്കാര്‍ ഏജന്‍സികളും ബാങ്കുകളുടമക്കം തട്ടിപ്പിനെതിരെ ബോധവത്കരണ വിഡിയോകളും സന്ദേശങ്ങളും നിരന്തരം പ്രചരിപ്പിക്കുന്നുണ്ട്.  എങ്കിലും ജനങ്ങളിലെ അവബോധത്തിന്‍റെ പോരായ്മ  തട്ടിപ്പുകള്‍ ആവര്‍ത്തിക്കാന്‍ കാരണമാണ്.  സൈബര്‍ തട്ടിപ്പുകാരെ പൂര്‍ണമായി അമര്‍ച്ചചെയ്യാന്‍ രാജ്യവ്യാപക നടപടികള്‍ കൂടുതല്‍ ശക്തമാക്കേണ്ടതുമുണ്ട്.

ENGLISH SUMMARY:

Supreme Court's stringent interventions against rising digital arrest scams and cyber financial frauds across India. The judiciary and investigating agencies are actively enforcing stricter regulations on banks, telecom operators, and digital platforms to protect citizens and recover stolen funds.