സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വീട്ടിലെ പെണ്‍കുട്ടികളെ കണ്ടെത്തും, സ്പെഷ്യല്‍ പൂജ ചെയ്താല്‍ കോടികള്‍ നേടാമെന്ന് വാഗ്ദാനം ചെയ്യും. പിന്നാലെ ഈ പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ലൈംഗികവൃത്തിക്ക് അയക്കുകയും ചെയ്ത കേസില്‍ ആള്‍ദൈവം പിടിയില്‍. കര്‍ണാടക ബല്ലാരിയിലാണ് സംഭവം.
11 പേരെയാണ് പൊലീസ് കേസില്‍ അറസ്റ്റ് ചെയ്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആള്‍ദൈവത്തിന്റെ അനുയായികള്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന അവിവാഹിതമാരായ പെണ്‍കുട്ടികളുള്ള വീടുകള്‍ കണ്ടെത്തും. പിന്നാലെ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ പൂജ ചെയ്താല്‍ പണം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടുപോകും. ആള്‍ദൈവം പണമഴ പെയ്യിക്കുന്നു എന്ന പേരില്‍ ഒരു വിഡിയോയും ഇവര്‍ കുടുംബത്തിന് കാണിച്ചുകൊടുത്തിരുന്നു. പെണ്‍കുട്ടികള്‍ അഞ്ചടി ആറിഞ്ച് ഉയരം വേണമെന്നും വെളുത്ത് ശരീരത്തില്‍ പാടുകളില്ലാത്തവരായിരിക്കണമെന്നും നിബന്ധനയും വയ്ക്കും..
തിരഞ്ഞെടുത്ത പെണ്‍കുട്ടികളെ ആള്‍ദൈവത്തിനടുത്തേക്ക് എത്തിക്കും. പിന്നാലെ ഇയാള്‍ പൂജയെന്ന പേരില്‍ ചടങ്ങ് നടത്തുകയും പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. ശേഷം ഈ പെണ്‍കുട്ടികളെ ലൈംഗികവൃത്തിയിലേക്ക് ഇറക്കിവിടുകയായിരുന്നു രീതി. ലൈംഗികവൃത്തിയിലേര്‍പ്പെടുന്ന യുവതികളുടെ പക്കല്‍ നിന്ന് സ്വാമിക്കും പെണ്‍കുട്ടികയെ കണ്ടെത്തിയ ആള്‍ക്കും എന്ന രീതിയില്‍ കമ്മീഷനും ഇവര്‍ വാങ്ങിയിരുന്നു.
സംഭവത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ച ബല്ലാരി പൊലീസ് വേഷം മാറി സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബമായി അഭിനയിക്കുകയും തട്ടിപ്പുകാരെ പിടികൂടുകയുമായിരുന്നു. രണ്ട് മാസത്തോളമാണ് ഇതിനായി വിവരങ്ങളും മറ്റും പൊലീസ് ശേഖരിച്ചത്. ചിക്കമംഗളൂരു, മൈസൂരു, ആന്ധ്രാപ്രദേശ് അതിര്‍ത്തി ജില്ലയായ അനന്ദ്പൂര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നത്. എന്നാല്‍ കേസിലെ മുഖ്യപ്രതിയായ ആള്‍ദൈവത്തെ ഇതുവരെ കണ്ടെത്താനായിട്ടില്ല.