bsf-attack

TOPICS COVERED

 

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം കള്ളക്കടത്ത് തടയുന്നതിനിടയിൽ ബിഎസ്എഫ് ജവാൻമാർക്ക് നേരെ ഗ്രാമവാസികളുടെയും കള്ളക്കടത്തുകാരുടെയും   ആക്രമണം. ത്രിപുരയിലെ സെപാഹിജാല ജില്ലയിൽ നടന്ന സംഘർഷത്തിൽ ഒരു അസിസ്റ്റന്റ് കമാൻഡന്‍റ് ഉൾപ്പെടെ മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ ജവാൻമാരെ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഹാവത്തി ആസ്ഥാനമായുള്ള മാധ്യമങ്ങളാണ് അക്രമവാര്‍ത്ത പുറത്തുവിട്ടത്.

സെപാഹിജാല ജില്ലയിലെ ബോക്സാനഗർ മേഖലയിലുള്ള അഷാബാരി അതിർത്തി ഔട്ട്‌പോസ്റ്റിന്  സമീപമാണ് സംഭവം നടന്നത്. പ്രദേശത്ത് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച ഒരു കള്ളക്കടത്തുകാരനെ ബിഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടി തടഞ്ഞുവെച്ചിരുന്നു. ഇതിൽ പ്രകോപിതരായ കള്ളക്കടത്തുസംഘവും ഒരുവിഭാഗം ഗ്രാമവാസികളും ചേർന്ന് ആദ്യം അതിർത്തിയിലെ റോഡ് ഉപരോധിക്കുകയായിരുന്നു.

​തുടർന്ന് സ്ഥലത്തെത്തിയ ബിഎസ്എഫ് വാഹനത്തിന് നേരെ അമ്പതിലധികം വരുന്ന അക്രമിസംഘം വടികളും മാരകായുധങ്ങളുമായി തിരിയുകയായിരുന്നു. ജവാൻമാരെ ക്രൂരമായി മർദ്ദിച്ച അക്രമികൾ, ബിഎസ്എഫിന്റെ ഔദ്യോഗിക വാഹനം പൂർണ്ണമായും അടിച്ച് തകർത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഔദ്യോഗിക തോക്കുകൾ തട്ടിയെടുക്കാനും ഇവർ ശ്രമിച്ചതോടെ ബിഎസ്എഫ് സംഘം ഗത്യന്തരമില്ലാതെ പിന്തിരിയുകയായിരുന്നു. 

വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, ആയുധങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒൻപത്  പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

 

ENGLISH SUMMARY:

BSF jawans attacked by smugglers and villagers near the India-Bangladesh border in Tripura, leaving three personnel seriously injured. The violent clash erupted in the Sepahijala district after security forces intercepted a drug smuggling attempt at the border outpost.