തേനി ആണ്ടിപ്പെട്ടി സബ് ജയിലില്‍നിന്ന് ചാടിപ്പോയതില്‍ വിചിത്രവാദവുമായി  തടവുകാരന്‍. ജയില്‍ ചാടിയവരില്‍ ഒരാളായ മീനാക്ഷി സുന്ദരത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ജയിലിലെ പീഡനം ജഡ്ജിയോട് പറയാനാണ് ജയില്‍ചാടി പുറത്തുവന്നതെന്നാണ് പ്രചരിക്കുന്ന  വിഡിയോയില്‍ സുന്ദരം പറയുന്നത്. ജയിലിനുള്ളിൽ ജീവന് ഭീഷണി ഉണ്ടെന്നാണ് സുന്ദരത്തിന്റെ വാദം. 

തങ്ങള്‍ 21 പേരാണ് ജയിൽ ചാടിയതെന്നും ഒളിവിൽ കഴിയാൻ തങ്ങള്‍ക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും തടവുകാരന്‍ പറയുന്നുണ്ട്. ജായില്‍ ചാടിയ ശേഷം പൊലീസ് പിടിക്കുന്നതിന് മുന്‍പ് റെക്കോര്‍ഡ് ചെയ്‌ത വിഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ സുന്ദരത്തിന്റെ ആരോപണം പാടെ നിഷേധിക്കുകയാണ് തമിഴ്‌നാട് പൊലീസ്. 17 പേര്‍ മാത്രമാണ് ജയില്‍ ചാടിയതെന്നും ഇവരയെല്ലാം പൊലീസ് പിടികൂടിയിട്ടുണ്ടെന്നും ഐജി വ്യക്തമാക്കി. ജയില്‍ ചാട്ടത്തെ ന്യായീകരിക്കാന്‍ തടവുകാരന്‍ കള്ളം പറയുകയാണെന്നും പൊലീസ് അറിയിച്ചു. 

 കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് തേനിയിലെ ആണ്ടിപ്പെട്ടി ജില്ലാ ജയിലില്‍നിന്ന് 17 തടവുകാര്‍ ചാടിപ്പോയത്. തടവുകാരില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന വ്യാജേന ജയില്‍ വാര്‍ഡനെ അറിയിച്ച ശേഷം വാര്‍ഡനെ സെല്ലിനുള്ളില്‍ വച്ച് കീഴ്‌പ്പെടുത്തിയാണ് തടവുകാര്‍ ജയില്‍ ചാടിയത്. തന്റെ ജാമ്യാപേക്ഷ തള്ളിയതിന്റെ ദേഷ്യത്തില്‍ ലിംഗ പ്രസാദ് എന്ന ആളാണ് ജയില്‍ചാട്ടം ആസൂത്രണം ചെയ്‌തത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലും ഡ്രോണ്‍ പരിശോധനയും വഴി 17 പേരെയും പൊലീസ് പിടികൂടിയിരുന്നു. വിജയ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ കടുത്ത നടപടി സ്വീകരിച്ചിരുന്നു. സുരക്ഷാ വീഴ്ച വരുത്തിയതിന് ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടിനെ സ‌സ്‌പെന്‍ഡ് ചെയ്യുകയും  ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു. 

ENGLISH SUMMARY:

Malayala Manorama Online News reports on the bizarre justification given by an escaped prisoner from the Theni Andipatti sub-jail who claimed he fled to report harassment to a judge. The Tamil Nadu police have completely denied these allegations, confirming that all escaped inmates have been successfully recaptured.