ഹൈദരാബാദില്‍ അടുത്തിടെ നടന്ന മോഷണപരമ്പര വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അഞ്ച് വീടുകള്‍ തുറന്ന് 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം വെള്ളി ആഭരണങ്ങളും പണവും കവര്‍ന്നതായിരുന്നു സംഭവം. വിദഗ്ധമായി പൂട്ട് മുറിച്ച് അകത്ത് കടന്നത് ഒരു അസാമാന്യ കള്ളനായിരിക്കും എന്നായിരുന്നു പൊലീസിന്റ നിഗമനം.
എന്നാല്‍ രണ്ട് വീടുകളിലെ സിസിടിവി നിരീക്ഷിച്ചപ്പോഴാണ് പൊലീസിന് കൗതുകമേറിയത്. പര്‍ദയിട്ട ഒരു യുവതിയായിരുന്നു മോഷ്ടാവ്. പാഗ ജയ എന്ന 25കാരി പിന്നീട് പിടിയിലായി. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം പകല്‍ മൊത്തം ഒരു പ്രദേശം നിരീക്ഷിക്കുകയായിരുന്നു പാഗയുടെ രീതി. തുടര്‍ന്ന് ആളൊഴിഞ്ഞ വീട് കണ്ടെത്തും. തുടര്‍ന്ന് അര്‍ധരാത്രിയില്‍ യുവതി പര്‍ദ്ദ ധരിച്ച് ഗ്യാസ് കട്ടറും സിലിണ്ടറും ഒളിപ്പിച്ച് വീട്ടിലെത്തും.
പൂട്ട് അനായാസം മുറിച്ച് നീക്കി അകത്ത് കയറി ലോക്കറും അലമാരയുമെല്ലാം മുറിച്ച് സ്വര്‍ണവും പണവും അടക്കം വിലമതിക്കുന്നതെല്ലാം കവരും. അവസാനം കയറിയ വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ ഒരു യുവതി പ്രദേശത്ത് കറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. തുടര്‍ന്ന് ഇത് പാഗയാണെന്ന് കണ്ടെത്തി തുടര്‍ന്ന് അറസ്റ്റ് നടത്തി ചോദ്യം ചെയ്തതിലൂടെയാണ് യുവതി തന്നെയായിരുന്നു കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.
ഓണ്‍ലൈനില്‍ നിരീക്ഷിച്ചാണ് എങ്ങനെ പൂട്ടി പൊളിക്കാമെന്ന് പാഗ പഠിച്ചത്. പിടിയിലായതിന് പിന്നാലെ താന്‍ തന്നെയാണ് മോഷണം നടത്തിയതെന്ന് പാഗ സമ്മതിച്ചു. അഞ്ചോളം വീടുകള്‍ ഇത്തരത്തില്‍ കുത്തിത്തുറന്ന് പാഗ മോഷണം നടത്തിയെന്ന് പൊലീസ് കണ്ടെത്തി.