• 2021ല്‍ കോവിഡ് കാലത്ത് നൽകിയ 2 വർഷത്തെ ഇളവ് 2026 സെപ്റ്റംബറിൽ അവസാനിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം

സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ച് വര്‍ഷം കൂടി ഇളവ് അനുവദിച്ച് വിജയ് സര്‍ക്കാര്‍. മല്‍സരപ്പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ഥികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ടിവികെ സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതോടെ അഞ്ചുവര്‍ഷത്തേക്കും തുടര്‍ന്നും ഇളവ് ലഭിക്കും. നിലവില്‍ സംവരണ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ഇളവിന് പുറമെയാണ് ഈ അഞ്ചു വര്‍ഷം.

ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ ഗ്രൂപ്പ് 1 സര്‍വീസ് ജോലികള്‍ക്ക് അപേക്ഷിക്കാനുള്ള ജനറല്‍ കാറ്റഗറിക്കാരുടെ പ്രായ പരിധി 32 ല്‍ നിന്ന് 37 ആയി ഉയര്‍ന്നു. സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് 37 ല്‍ നിന്ന് 42 ആയും വര്‍ധിച്ചിരുന്നു. ഭിന്നശേഷിക്കാര്‍ക്ക് 42 ല്‍ നിന്ന് 47 ആയും ഇതില്‍ സംവരണം ലഭിക്കുന്നവര്‍ക്ക് 52 വയസുവരെയും ഇളവ് ലഭിക്കും.

ഗ്രൂപ്പ് രണ്ട്, മൂന്ന് സര്‍വീസില്‍ ജനറല്‍ കാറ്റഗറിക്കാര്‍ക്ക് 35 വയസുവരെയും ഭിന്നശേഷിക്കാര്‍ക്ക് 45 വയസ് വരെയും അപേക്ഷിക്കാം. ഈ വിഭാഗത്തില്‍ സംവരണമുള്ളവര്‍ക്ക് പ്രായപരിധിയില്ല.

പുതിയ ഉത്തരവോടെ സര്‍ക്കാര്‍ ജോലികളില്‍ കൂടുതല്‍ സാധ്യതയാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുന്നത്. 2021ല്‍ കോവിഡ് കാലത്ത് നൽകിയ 2 വർഷത്തെ ഇളവ് 2026 സെപ്റ്റംബറിൽ അവസാനിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ENGLISH SUMMARY:

Tamil Nadu government, led by Chief Minister Vijay, has increased the upper age limit for candidates applying for government jobs by five years, fulfilling a long-standing demand from job aspirants. The additional relaxation will apply beyond the existing age concessions available to reserved categories and will benefit candidates appearing for competitive examinations. Following the order, the general category age limit for Group 1 services has increased from 32 to 37 years, while reserved category and differently-abled candidates will receive further age relaxations. For Group 2 and Group 3 services, the revised age limit for general category candidates is 35 years, while differently-abled candidates can apply up to 45 years, with no upper age limit for eligible reserved category candidates.