എഐ നിര്‍മിത പ്രതീകാത്മക ചിത്രം
അയോധ്യയില്‍ സരയൂനദിയില്‍ ദുര്‍ഗാവിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടക സംഘത്തിന്റെ വാഹനത്തില്‍ ട്രക്കിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ടു. 9 പേര്‍ക്ക് സാരമായി പരുക്കേറ്റു. ഗോണ്ട–അയോധ്യ ഹൈവേയില്‍ വസീര്‍ഗഞ്ച് പൊലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട രാജാസാഗ്രയിലാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ച രാത്രി സരയൂതീരത്തുനിന്ന് തീര്‍ഥാടകരുമായി മടങ്ങിയ ട്രാക്ടര്‍ ട്രോളിയില്‍ എതിര്‍ദിശയില്‍ വന്ന ട്രക്ക് നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാക്ടര്‍ ട്രോളിയിലുണ്ടായിരുന്ന തീര്‍ഥാടകര്‍ തെറിച്ചുപോയി. മോത്തിഗഞ്ച് പൊലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട ഗോവിന്ദ്പരയിലെ താമസക്കാരാണ് തീര്ഥാടകസംഘത്തിലുണ്ടായിരുന്നത്.
അപകടസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്ന് പരുക്കേറ്റവരെ സമീപത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ സഞ്ജയ് (20) ആഷിഷ് (19) എന്നീ യുവാക്കളാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഒരാള്‍ അപകടനില തരണം ചെയ്തെന്ന് രാവിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. കൂലിവേല ചെയ്ത കുടുംബം പോറ്റിയിരുന്ന യുവാക്കളാണ് കൊല്ലപ്പെട്ടതെന്ന് ഗോവിന്ദപരയില് നിന്ന് എത്തിയ ബന്ധുക്കള്‍ പറഞ്ഞു.