മഹാരാഷ്ട്രയിലെ പിമ്പ്രി-ചിഞ്ച്‌വാഡിൽ സർക്കാർ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം മുറിക്കുള്ളിൽ മദ്യപാന സൽക്കാരം നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്പെൻഷൻ. യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർ വൈഭവ് അവിനാഷ് മ്ഹാസ്കെയെയാണ് അധികൃതർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. മരിച്ച ബന്ധുവിന്റെ മരണസർട്ടിഫിക്കറ്റ് വാങ്ങാനായി ആശുപത്രിക്ക് പുറത്ത് രാത്രി മുഴുവൻ കാത്തിരുന്ന വ്യക്തിയാണ് പോസ്റ്റ്‌മോർട്ടം മുറിക്കുള്ളിൽ മദ്യസൽക്കാരം നടക്കുന്നത് കണ്ടത്. മുറിക്കുള്ളിലെ മേശപ്പുറത്ത് ഭക്ഷണവും മദ്യക്കുപ്പികളും കിടക്കുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.

സംഭവം വിവാദമായതിനെത്തുടർന്ന് പിമ്പ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ അഡീഷണൽ കമ്മിഷണർ ഡോക്ടറോട് വിശദീകരണം തേടി. തുടർന്ന് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുനിസിപ്പൽ കമ്മിഷണർ ഡോക്ടറെ ഉടൻ തന്നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. മഹാരാഷ്ട്ര സിവിൽ സർവീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ഡോക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണം തീരുന്നതുവരെ പിമ്പ്രി ഹെഡ്ക്വാർട്ടേഴ്സ് വിട്ടുപോകാൻ ഡോക്ടർക്ക് അനുവാദമില്ലെന്നും അധികൃതർ അറിയിച്ചു. ആശുപത്രിയിലെ മോർച്ചറി പോലെ അതീവ ഗൗരവമുള്ള സ്ഥലത്ത് ഇത്തരത്തിലുള്ള പെരുമാറ്റമുണ്ടായത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്.

ENGLISH SUMMARY:

A government doctor at Yashwantrao Chavan Memorial Hospital in Pimpri-Chinchwad, Maharashtra, has been suspended following a public uproar over a drinking party inside the post-mortem room. The incident came to light after a grieving relative, waiting overnight for a death certificate, filmed food and liquor bottles placed on autopsy tables and shared the footage online. Taking serious note of the gross violation of civil service rules, municipal authorities ordered an immediate departmental inquiry against Dr. Vaibhav Avinash Mhaske. The accused doctor has been barred from leaving the Pimpri headquarters pending an investigation report due within 15 days.