പഞ്ചാബിൽ ലഹരിവിരുദ്ധ പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നയാളെ മെഡിക്കൽ സ്റ്റോർ ഉടമ വെടിവച്ചുകൊന്നു. അനധികൃത ലഹരിവിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മാൻസ മേഖലയിൽ ‘ഫോഴ്സ്’ എന്ന പേരിൽ ലഹരിവിരുദ്ധ സംഘടന നടത്തിയിരുന്ന പർവീന്ദർ സിങ് ജോട്ടയാണ് കൊല്ലപ്പെട്ടത്.
മാൻസയിലെ ഒരു മെഡിക്കൽ സ്റ്റോറിൽ രഹസ്യമായി ലഹരിമരുന്നുകൾ വിൽക്കുന്നുവെന്ന് ആരോപിച്ച് ജോട്ട കടയുടമയെ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ ലൈവ് വിഡിയോ ചെയ്യുന്നതിനിടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. കടയിൽനിന്ന് ലഹരിമരുന്നുകൾ വാങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന പ്രായമായ ഒരാൾക്കൊപ്പം ജോട്ട നിൽക്കുന്നത് അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കാണാം.
തുടർന്ന് ജോട്ടയും പിസ്റ്റളുമായി എത്തിയ കടയുടമയും തമ്മിൽ വാക്കേറ്റമുണ്ടായി. "എന്നെ കൊല്ലൂ, എന്നെ കൊല്ലൂ" എന്ന് ജോട്ട കടയുടമയോട് ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു. "എന്തിനാണ് നിങ്ങൾ പിസ്റ്റൾ സൂക്ഷിച്ചിരിക്കുന്നത്?" എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. പൊലീസിനെ വിളിക്കാനും കൂടുതൽ ആളുകളെ കൂട്ടാനും കൂടെയുള്ളവരോട് പറയുന്നതും കടയിലെ സിസിടിവി ദൃശ്യങ്ങൾ കാണിക്കാൻ ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം.
ഈ സമയം, കടയിൽനിന്ന് ലഹരിമരുന്ന് വാങ്ങിയതിന് തങ്ങളുടെ പക്കൽ റെക്കോർഡിങ്ങുണ്ടെന്ന് ജോട്ട പറഞ്ഞു. ഏകദേശം നാല് മിനിറ്റോളം നീണ്ട തർക്കത്തിനൊടുവിൽ കടയുടമ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ജോട്ട സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്ന് മൊബൈൽ ഫോൺ നിലത്തുവീണതോടെ ഫെയ്സ്ബുക്ക് ലൈവ് അവസാനിച്ചു. കടയുടമ ഒളിവിലാണ്. വർഷങ്ങളായി മാൻസ മേഖലയിലും പരിസര പ്രദേശങ്ങളിലും ലഹരി ഉപയോഗത്തിനും ചില മെഡിക്കൽ സ്റ്റോറുകൾ വഴി നടക്കുന്ന നിയമവിരുദ്ധ വിൽപനയ്ക്കുമെതിരെ ശബ്ദമുയർത്തിയ വ്യക്തിയാണ് ജോട്ട. ഫെയ്സ്ബുക്കിൽ 24,000-ത്തിലധികം ഫോളോവേഴ്സുള്ള അദ്ദേഹം തന്റെ ഇടപെടലുകളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് ശ്രദ്ധ നേടിയത്. 2023-ൽ ഒരു മെഡിക്കൽ സ്റ്റോർ ഉടമയുമായി ബന്ധപ്പെട്ട വിവാദത്തോടെയാണ് ജോട്ട ആദ്യമായി പൊതുശ്രദ്ധ നേടിയത്. അന്ന് ജോട്ടയും അനുയായികളും കടയുടമയുമായി തർക്കത്തിലേർപ്പെട്ടതിനെത്തുടർന്ന് ഇവർക്കെതിരെ പൊലീസ് കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. അക്രമം, അതിക്രമിച്ചുകടക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ജോട്ടയെ അറസ്റ്റ് ചെയ്തെങ്കിലും രണ്ട് മാസത്തിനുശേഷം വിട്ടയച്ചു.
ജോട്ടയുടെ കൊലപാതകം പഞ്ചാബിൽ വലിയ രാഷ്ട്രീയ വിവാദത്തിനും വഴിവച്ചു. ഭഗവന്ത് മാൻ സർക്കാരിന്റെ ക്രമസമാധാനനിലയെയും ‘യുദ്ധ് നഷേയ് വിരുദ്ധ്’ എന്ന ലഹരിവിരുദ്ധ പദ്ധതിയുടെ ഫലപ്രാപ്തിയെയും പ്രതിപക്ഷ പാർട്ടികളായ ബിജെപി, കോൺഗ്രസ്, ശിരോമണി അകാലിദൾ എന്നിവ ശക്തമായി ചോദ്യം ചെയ്തു. സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ പൊള്ളത്തരം കൊലപാതകം തുറന്നുകാട്ടിയെന്ന് ബിജെപി നേതാവ് സുനിൽ ജാഖർ എക്സിൽ കുറിച്ചു. പരാജയപ്പെട്ട ലഹരിവിരുദ്ധ പ്രചാരണത്തിന്റെ നേരിട്ടുള്ള ഫലമാണ് ജോട്ടയുടെ കൊലപാതകമെന്ന് കോൺഗ്രസ് നേതാവ് അമരീന്ദർ സിങ് രാജ വാറിങ്ങും പ്രതികരിച്ചു. ലഹരിമാഫിയയ്ക്കെതിരെ പർവീന്ദർ ധീരമായി നിലകൊണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ആം ആദ്മി പാർട്ടി സർക്കാർ പിന്തുണ നൽകിയില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
സംഭവത്തിൽ എഎപി നേതാക്കളുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന പഞ്ചാബിൽ വർധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗവും മെഡിക്കൽ സ്റ്റോറുകൾ വഴിയുള്ള നിയമവിരുദ്ധ വിൽപനയും സംബന്ധിച്ച ചർച്ചകൾക്ക് കൊലപാതകം വീണ്ടും വഴിതുറന്നിരിക്കുകയാണ്.