തമിഴ്‌നാട് സര്‍ക്കാരിന്‍റെ ‘തായ് മാമന്‍ തങ്കമോതിരം’ പദ്ധതി വഴി മോതിരം ലഭിക്കാന്‍ വൈകിയതില്‍ യുവാവിന്‍റെ ആക്രമണം. തഞ്ചാവൂരിലെ കുംഭകോണം മുഴയൂരിലാണ് മോതിരം ആവശ്യപ്പെട്ട് വന്ന കുഞ്ഞിന്‍റെ പിതാവ് നഴ്‌സ് അടക്കം മൂന്നുപേരെ മണ്‍വെട്ടി കൊണ്ട് ആക്രമിച്ചത്. മുഴയൂര്‍ ഹെല്‍ത്ത് സെന്ററിലെ വില്ലേജ് ഹെല്‍ത്ത് നഴ്സ് അലമേലു (35), രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ സുമൻ, അമ്മ സുജാത എന്നിവര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്. സംഭവത്തില്‍ പ്രതി മദനായി പട്ടീശ്വരം പൊലീസ് അന്വേഷണം തുടങ്ങി.
അലമേലുവിനോടാണ് പ്രതി മദന്‍ മോതിരം ആവശ്യപ്പെട്ടത്. സെപ്റ്റംബര്‍ 16ന് കുഞ്ഞ് ജനിച്ചെന്നും മോതിരം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കുഞ്ഞിന്‍റെ ജനന തീയതി അനുസരിച്ചുള്ള സ്ലോട്ട് പ്രകാരമേ മോതിരം നല്‍കൂ എന്ന് അലമേലു പറഞ്ഞു. പക്ഷെ പ്രതി വീണ്ടും മോതിരം വേണമെന്ന് വാശിപിടിക്കുകയും നല്‍കാനാകില്ലെന്ന് അറിയിച്ച നഴ്‌സിനെ അസഭ്യം പറയുകയും മണ്‍വെട്ടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. തടയാനെത്തിയ അലമേലുവിന്‍റെ അമ്മയെയും സഹോദരനെയും പ്രതി ആക്രമിച്ചു. ഗുരുതര പുരുക്കേറ്റ ഇവര്‍ മുഴയൂരിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും 1 ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണ്ണമോതിരം നൽകുന്ന പദ്ധതിയാണ് വിജയ് സര്‍ക്കാറിന്‍റെ ‘തായ് മാമന്‍ തങ്കമോതിരം’. മുഖ്യമന്ത്രി വിജയ് സെപ്റ്റംബർ 28-നാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പ്രതിവർഷം 755.83 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ സ്ഥിരതാമസക്കാരായ അമ്മമാരുടെ കുഞ്ഞുങ്ങൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.