മുംബൈ നോയിഡയിലെ ഹോട്ടലിന്റെ 43ാം നിലയില്‍ റൂമെടുത്ത യുവാവ് താഴേയ്ക്ക് ചാടി ജീവനൊടുക്കി. ബാല്‍ക്കണിയിലെ കൈവരിയില്‍ പിടിച്ച് യുവാവ് നില്‍ക്കുന്നതിന്റെയും താഴേയ്ക്ക് ചാടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. താഴേയ്ക്ക് ചാടിയ യുവാവിന്റെ ശരീരം രണ്ട് ഭാഗങ്ങളായി വേര്‍പെട്ട് തല്‍ക്ഷണം മരിക്കുകയായിരുന്നു. വൈഭവ് ജൈന്‍ എന്ന മുപ്പത്തഞ്ചുകാരനാണ് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.
പൊലീസ് റിപ്പോര്‍ട്ട് പ്രകാരം വെള്ളിയാഴ്ചയാണ് യുവാവ് ഓണ്‍ലൈനില്‍ ഒരു ദിവസത്തേക്ക് റൂം ബുക്ക് ചെയ്തത്. തുടര്‍ന്ന് വൈകീട്ട് മൂന്നോടെ യുവാവ് റൂമിലെത്തി. എസി നന്നാക്കാനായി തൊട്ടടുത്ത കെട്ടിടത്തിന് പുറത്ത് നിന്നിരുന്ന സംഘമാണ് വൈഭവിനെ കെട്ടിടത്തിന്റെ 43ാം നിലയിലെ ബാല്‍ക്കണിയുടെ കൈവരിയില്‍ പുറത്തേക്ക് നില്‍ക്കുന്ന രീതിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ യുവാവിനോട് തിരിച്ച് അകത്ത് കയറാന്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ യുവാവ് താഴേക്ക് ചാടുകയായിരുന്നു.
ബഹളം കേട്ട് കെട്ടിടത്തിന്റെ താഴെ നിന്ന ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മെക്കാനിക്കുകള്‍ വൈഭവിനോട് ചാടരുതെന്ന് വിളിച്ചുപറയുന്നതും സെക്യൂരിറ്റിയോട് ഉടന്‍ പോയി നോക്കാന്‍ ആവശ്യപ്പെടുന്നതും വിഡിയോയില്‍ കാണാം. വീഴ്ചയുടെ ആഘാതത്തില്‍ വൈഭവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് പൊലീസ് എത്തുകയും മൃതദേഹം മാറ്റുകയും ചെയ്തു. പ്രദേശത്ത് ഫോറന്‍സിക് സംഘവുമെത്തി പരിശോധന നടത്തി. വൈഭവിന്റെ അടുത്ത ബന്ധുക്കളുടെ മൊഴി പ്രകാരം യുവാവ് ഏറെ നാളായി മാനസിക സമ്മര്‍ദം അനുഭവിച്ചുവരികയായിരുന്നു. കൂടുതല്‍ അന്വേഷണത്തില്‍ ഇയാള്‍ക്ക് വന്‍ കടബാധ്യതയുണ്ടായിരുന്നെന്നും വീട്ടില്‍നിന്ന് നാല് ദിവസത്തോളമായി വിട്ടുനില്‍ക്കുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ ആരെങ്കിലും ഭീഷണിപ്പെടുത്തിയിരുന്നോ എന്നും പൊലീസ് സംശയിക്കുന്നു. വൈഭവിന്റെ ഫോണ്‍ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.