donkey-nursing-certificate

വ്യാജവിവരങ്ങള്‍ക്കൊപ്പം  കഴുതയുടെ ഫോട്ടോയും വച്ച് അപേക്ഷ നല്‍കി  അഞ്ച് മിനിറ്റിനുള്ളില്‍ നഴ്സിങ് റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റ്. മധ്യപ്രദേശ് നഴ്‌സസ് രജിസ്‌ട്രേഷൻ കൗൺസിലിന്‍റെ ഓൺലൈൻ രജിസ്‌ട്രേഷൻ നടപടിക്രമങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടുന്നതിനായാണ് ഇത്തരത്തില്‍  അപേക്ഷ സമര്‍പ്പിച്ചത് .. നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് രവി പർമാറാണ്  വ്യാജ വിവരങ്ങളും ഒഴിഞ്ഞ രേഖകളും കഴുതയുടെ ചിത്രവും ഉൾപ്പെടുത്തി ഓൺലൈനായി അപേക്ഷ സമർപ്പിച്ചത്. ഇതിനായി 2,050 രൂപ അടച്ചെന്നും അഞ്ച് മിനിറ്റിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിച്ചെന്നും പർമാർ പറയുന്നു.

അപേക്ഷയിൽ പേരിന്റെ സ്ഥാനത്ത് ‘Donkey’ (കഴുത) എന്നും ഫോട്ടോ നൽകേണ്ടിടത്ത് കഴുതയുടെ ചിത്രവുമാണ് നൽകിയത്. പിതാവിന്‍റെയും മാതാവിന്‍റെയും പേരുകളായി ‘Donkey Father’, ‘Donkey Mother’ എന്നിങ്ങനെയും രേഖപ്പെടുത്തി. ജാതി രേഖപ്പെടുത്തേണ്ട കോളത്തിൽ ‘Animal’ (മൃഗം) എന്നും നൽകി. വിലാസവും വ്യാജമായിരുന്നു. എന്നിട്ടും ഈ വിവരങ്ങളടങ്ങിയ അപേക്ഷ അധികൃതർ അംഗീകരിച്ച് സർട്ടിഫിക്കറ്റ് അനുവദിക്കുകയായിരുന്നു.

പരിശീലന കേന്ദ്രങ്ങളായി ഭോപ്പാൽ നഴ്‌സിങ് കോളേജും ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും (ബിഎംഎച്ച്ആർസി) ആണ് പർമാർ അപേക്ഷയിൽ തിരഞ്ഞെടുത്തത്. പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും മാർക്ക് വിവരങ്ങളും റോൾ നമ്പറുകളും വ്യാജമായി പൂരിപ്പിച്ചു. യഥാർഥ പരിശീലന പൂർത്തീകരണ സർട്ടിഫിക്കറ്റുകളും ബിരുദ/ഡിപ്ലോമ സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യേണ്ടിടത്ത് രണ്ട് ശൂന്യമായ കടലാസുകളാണ് അപ്‌ലോഡ് ചെയ്തതെന്നും പർമാർ പറയുന്നു.

രജിസ്‌ട്രേഷൻ നമ്പറും ഡിജിറ്റൽ ഒപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെടുന്ന സർട്ടിഫിക്കറ്റ് ലഭിച്ചതിന്‍റെ വീഡിയോയും പർമാർ പുറത്തുവിട്ടിട്ടുണ്ട്. രേഖകൾ കൃത്യമായി പരിശോധിക്കാതെ നഴ്‌സിങ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത് വ്യാജ രജിസ്‌ട്രേഷനുകൾ പെരുകാൻ കാരണമാകുമെന്നാണ് പർമാറിന്‍റെ ആരോപണം.

വ്യാജ വിവരങ്ങളും ശൂന്യമായ രേഖകളും നൽകി സമർപ്പിച്ച അപേക്ഷ പോലും പരിശോധനയില്ലാതെ അംഗീകരിച്ചത് എങ്ങനെയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അപേക്ഷയിലെ വിവരങ്ങൾ പരിശോധിക്കാതെ നഴ്‌സിങ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചതിൽ മധ്യപ്രദേശ് നഴ്‌സസ് രജിസ്‌ട്രേഷൻ കൗൺസിലിനെതിരെ ഗുരുതര ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.

 

ENGLISH SUMMARY:

Nursing registration scam exposed in Madhya Pradesh where an applicant submitted a fake application with a donkey's photo and received a registration certificate within five minutes. This highlights significant flaws in the online registration process of the Madhya Pradesh Nurses Registration Council.