.
ജമ്മു കഠ്‌വയില്‍ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർ സഹപ്രവര്‍ത്തകന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജലവൈദ്യുത പദ്ധതിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട സിഐഎസ്എഫ് യൂണിറ്റിലാണ് നടുക്കുന്ന ദുരന്തമുണ്ടായത്. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വെടിവയ്പ്പ്. 2009 ബാച്ചിലെ ഹെഡ് കോൺസ്റ്റബിളാണ് വെടിയുതിർത്തതെന്ന് സിഐഎസ്എഫ് അറിയിച്ചു. സഹപ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കമാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ഹെഡ് കോൺസ്റ്റബിളിനെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. സിഐഎസ്എഫ് ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ബസോഹ്‌ലി മേഖലയിലെ മാഷ്ക ഗ്രാമത്തിൽ സേവാ പവർ പ്രോജക്ടിൽ വിന്യസിച്ചിരുന്ന സിഐഎസ്എഫ് യൂണിറ്റിലാണ് സംഭവം. വൈകിട്ട് 6.40ഓടെയാണ് വാക്കുതർക്കത്തെ തുടർന്ന് വെടിവയ്പുണ്ടായതെന്നാണ് വിവരം. അസിസ്റ്റന്റ് കമാൻഡന്റ് അങ്കിത് കുമാർ പാണ്ഡെ, സബ് ഇൻസ്പെക്ടർ ലക്ഷ്മൺ സിങ്, കോൺസ്റ്റബിൾ റഫീഖ് അഹമ്മദ്, കോൺസ്റ്റബിൾ സന്ദീപ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഹെഡ് കോൺസ്റ്റബിൾ അവധേഷ് കുമാർ സിങ്ങാണ് വെടിയുതിർത്തതെന്നാണ് സംശയം. ഓഫീസിൽ കയറിയ ഇയാൾ സർവീസ് റൈഫിളായ AK-47 ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 150 റൗണ്ട് വെടിയുണ്ടകളും ഇയാളുടെ കൈവശമുണ്ടായിരുന്നുവെന്ന് സിഐഎസ്എഫ് അറിയിച്ചു.