anto-augustine-house-3
  • വീട് ലില്ലിക്കുട്ടി ലേലത്തില്‍ പിടിച്ചെന്നാണ് ആന്‍റോ എക്സൈസിന് നല്‍കിയ മൊഴി. എന്നാല്‍ വീട് ആന്‍റോയുടേത് തന്നെയെന്ന നിലപാടിലുറച്ചാണ് എക്സൈസിന്റെ നീക്കം.

ആന്‍റോ അഗസ്റ്റിന്റെ വീട്ടില്‍നിന്ന് മദ്യശേഖരം പിടിച്ച കേസില്‍ ഭാര്യാമാതാവ് ലില്ലിക്കുട്ടിയുടെ മൊഴിയെടുക്കാന്‍ എക്സൈസ്. ലില്ലിക്കുട്ടിക്ക്  എക്സൈസ് ഉടന്‍ നോട്ടീസ് നല്‍കും.  വീട് ലില്ലിക്കുട്ടി ലേലത്തില്‍ പിടിച്ചെന്നാണ് ആന്‍റോ എക്സൈസിന് നല്‍കിയ മൊഴി. എന്നാല്‍ വീട് ആന്‍റോയുടേത് തന്നെയെന്ന നിലപാടിലുറച്ചാണ് എക്സൈസിന്റെ നീക്കം. Also Read: പെണ്‍ സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ

അതേസമയം, വയനാട് വാഴവറ്റയിൽ അനധികൃത മദ്യശേഖരം പിടികൂടിയ വീട് തന്റേതല്ലെന്ന ആന്റോ അഗസ്റ്റിന്റെ വാദങ്ങൾ പൊളിയുന്നു. വീടും സ്ഥലവും വൈദ്യുതി കണക്ഷനുമെല്ലാം ഇപ്പോഴും ആന്റോ അഗസ്റ്റിന്റെ പേരിൽത്തന്നെയാണെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകൾ പുറത്തുവന്നിരുന്നു. കോടതി സമൻസുകളും വാറണ്ടുകളും എത്തിയതും ഇതേ മേൽവിലാസത്തിൽത്തന്നെയാണെന്ന് എക്സൈസും സ്ഥിരീകരിച്ചു. 

ബാങ്ക് ജപ്തി ചെയ്തതിനെത്തുടർന്ന് വീട് മറ്റൊരാൾ ലേലത്തിൽ പിടിച്ചെന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ വാദം. എന്നാൽ പഞ്ചായത്ത്, വില്ലേജ് രേഖകൾ പ്രകാരം 10,581 ചതുരശ്രയടി വിസ്തീർണമുള്ള ഈ നാലുനില വീടും സ്ഥലവും ഇപ്പോഴും ആന്റോ അഗസ്റ്റിന്റെ ഉടമസ്ഥതയിൽത്തന്നെയാണ്. ഒടുവിൽ ഭൂനികുതി അടച്ചിരിക്കുന്നതും ഇയാളുടെ പേരിൽത്തന്നെ. വീട്ടിലെ വൈദ്യുതി കണക്ഷൻ ആന്റോ അഗസ്റ്റിന്റെ പേരിലാണെന്ന് തെളിയിക്കുന്ന കെഎസ്ഇബി ബില്ലും പുറത്തുവന്നിരുന്നു. 

സെപ്റ്റംബർ ഒന്നിലെ കണക്കുപ്രകാരം 21,464 രൂപയാണ് ആന്റോ വൈദ്യുതി ചാർജ്ജായി അടയ്ക്കേണ്ടത്. ഇക്കാര്യം കെഎസ്ഇബി എക്സൈസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. മുട്ടിൽ മരംമുറി കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച കുറ്റപത്രത്തിലും ആന്റോ അഗസ്റ്റിന്റെ മേൽവിലാസം ഈ വീട് തന്നെയാണ്.

വിവിധ കേസുകളുമായി ബന്ധപ്പെട്ട് കോടതികളിൽ നിന്നുള്ള സമൻസുകളും വാറണ്ടുകളും എത്തിയത് ഇവിടേക്കാണ്. ഒടുവിൽ കഴിഞ്ഞ മാസവും വാറണ്ട് എത്തിയത് ഇതേ വിലാസത്തിൽത്തന്നെ. വീട് തന്റേതല്ലെന്ന് കാട്ടി ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ വിധി വരാനിരിക്കെയാണ്, പ്രതിയുടെ വാദങ്ങൾ പൊളിക്കുന്ന നിർണായക വിവരങ്ങൾ പുറത്തുവന്നത്.

ENGLISH SUMMARY:

The Excise Department is set to record the statement of Lillykutty, the mother-in-law of Anto Augustine, in connection with the seizure of a liquor stock from a house in Vazhavatta, Wayanad. The Excise Department is expected to issue a notice to Lillykutty soon.