Image Credit: X/@sanjoychakra
ഡോക്ടറുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമിച്ച് ബിഗ് ബോസ് താരം. മറാത്തി ബിഗ്ബോസിലെ മല്‍സരാര്‍ഥിയായിരുന്ന ദിവ്യ ഷിന്‍ഡെയാണ് പൂനെയിലെ ഡോക്ടറുടെ വീട്ടിലെത്തി അതിക്രമം കാണിച്ചത്. പരുക്കേറ്റ് വിദ്യാധര്‍ ഗെയ്‍ക്‌വാദിന്‍റെ പരാതിയില്‍ ദിവ്യ അടക്കം ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ദിവ്യ ആവശ്യപ്പെട്ട അഞ്ചു ലക്ഷം രൂപ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം.
ഒരു പരിപാടിയുമായി ബന്ധപ്പെട്ട പ്രമോഷനായി അഞ്ചു ലക്ഷം രൂപയാണ് ദിവ്യ ആവശ്യപ്പെട്ടത്. ഓഗസ്റ്റ് മാസം മുതല്‍ പണം ചോദിച്ച് ഫോണ്‍ വന്നതായി വിദ്യാധറിന്‍റെ പരാതിയില്‍ പറയുന്നു. സെപ്റ്റംബര്‍ 17 ന് ദിവ്യയും ഒരു സംഘമാളുകളും വിദ്യാധറിന്‍റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കി. 23-ാം തീയതി ഡോക്ടറെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വീണ്ടും പണം ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ വീട്ടിലേക്ക് ഗുണ്ടകളെ അയച്ച് മർദ്ദിക്കുമെന്നായിരുന്നു അന്നത്തെ ഭീഷണി. പിന്നാലെയാണ് വ്യാഴാഴ്ച രാത്രി ദിവ്യ ഉൾപ്പെടെ സംഘം ഡോക്ടറുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്.
വടികളും ബെല്‍റ്റും ഉപയോഗിച്ച് മുഖത്തും വയറിലും പുറകിലും ക്രൂരമായി മർദിച്ചെന്നാണ് വിദ്യാധറിന്‍റെ പരാതിയിലുള്ളത്. ഉപദ്രവിച്ച ശേഷം സംഘം വീട്ടുപകരണങ്ങളും അടിച്ചുതകർത്തു. 5 ലക്ഷം രൂപ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വിദ്യാധറിന്‍റെ കാറും സംഘം തട്ടിയെടുത്തിട്ടുണ്ട്. വിദ്യയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.