കോയമ്പത്തൂരിനടത്ത് സാധാരണ ഒരു സ്റ്റേറ്റ് ഹൈവേയില്‍ പതിവുപോലെ ചെക്കിങ് നടത്തുകയായിരുന്നു പൊലീസ്. ഇതിനിടെ ഒരു വെള്ളക്കാര്‍ അതുവഴി വന്നു. കാര്‍ തടഞ്ഞുനിര്‍ത്തിയ പൊലീസ് കാറിന്‍റെ പിന്‍സീറ്റിലെ മൂന്ന് ചാക്കുകള്‍ നിരീക്ഷിച്ചു. സംശയം തോന്നിയ സബ് ഇന്‍സ്പെക്ടര്‍ ഇത് പരിശോധിക്കാനായി കാറിനടുത്തെത്തി. എന്നാല്‍ കാറിലുണ്ടായിരുന്ന മൂന്നുപേര്‍ ഇന്‍സ്പെക്ടറെ തള്ളിവീഴ്ത്തി കാറില്‍ കയറി കടക്കാന്‍ ശ്രമിച്ചു. കാരണം ചാക്കില്‍ കിലോക്കണക്കിന് നിരോധിത പുകയില ഉല്‍പ്പന്നങ്ങളായിരുന്നു. 

തന്‍റെ മേലുദ്യോഗസ്ഥനെ യുവാക്കള്‍ തള്ളിവീഴ്ത്തുന്നത് കണ്ട കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്‍ ഉടന്‍ സടകുടഞ്ഞെണീറ്റു. കാര്‍ കുതിക്കും മുന്‍പ് വേല്‍മുരുകന്‍ കാറിന് മുകളില്‍ ചാടിക്കയറി. കാര്‍ നിര്‍ത്താനാവശ്യപ്പെട്ടു. എന്നാല്‍ കാറോടിച്ചിരുന്നവര്‍ക്ക് രക്ഷപ്പെടുക എന്നതല്ലാതെ മറ്റൊരു പദ്ധതിയില്ലായിരുന്നു. അവര്‍ കാറുമായി മുന്നോട്ട് കുതിച്ചു. പിന്നാലെ സൈറണ്‍ മുഴക്കി പൊലീസ് ജീപ്പും.

കോയമ്പത്തൂരിലെ ഗ്രാമങ്ങളിലൂടെയും ഇടവഴികളിലൂടെയും കാര്‍ കത്തിച്ചു പറന്നു. എന്നാല്‍ കാറപ്പോഴും പൊലീസിന്‍റെ കൈപ്പിടിയില്‍ തന്നെയായിരുന്നു. കാരണം പലതവണ കുലുക്കി വീഴ്ത്താന്‍ ശ്രമിച്ചിട്ടും വിടാതെ കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്‍ കാറിന് മുകളില്‍ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. 
'പൈസ അളവില്‍ കൂടുതലായി, ഇന്‍കം ടാക്സ് ചോദ്യം ചെയ്തു'; യൂട്യുബ് വരുമാനത്തെ പറ്റി ഫിറോസ് ചുട്ടിപ്പാറ...

ഗ്രാമങ്ങളും പട്ടണങ്ങളും കടന്ന കാര്‍ ദേശീയപാതയിലെത്തി. ഇതിനോടകം കാര്‍ പോയത് 40 കിലോമീറ്ററിന് മുകളിലായിരുന്നു. എന്നാല്‍ അദ്ഭുതകരമായി കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്‍ കാറിന് മുകളില്‍ തന്നെയിരുന്നു. ദേശീയപാതയില്‍ ടോള്‍ ബൂത്തില്‍ വേഗതയില്‍ കുതിച്ച കാര്‍ ഫാസ്റ്റാഗ് വഴി ടോളടച്ച് വീണ്ടും കുതിച്ചു. എന്നാല്‍ അവര്‍ നിര്‍ത്തിയില്ല. ദേശീയപാതയില്‍ സഞ്ചരിച്ചിരുന്ന മറ്റ് യാത്രക്കാര്‍ ആ കാഴ്ച കണ്ട് ഞെട്ടി. നൂറിന് മുകളില്‍ കുതിച്ച് പായുന്ന കാറില്‍ നിസാരമെന്നോണം അള്ളിപ്പിടിച്ചിരിക്കുന്ന പൊലീസുകാരന്‍. അവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. 

ഇതിനോടകം തിരുപ്പൂര്‍ പൊലീസിന് ചേസിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. അവര്‍ ആംബുലന്‍സടക്കം വന്‍ സന്നാഹവുമായി കാറിനെ കാത്തുനിന്നു. തുടര്‍ന്ന് അവര്‍ കാര്‍ വിജയകരമായി തടയുകയും ചെയ്തു. കാര്‍ നിര്‍ത്തിയതോടെ മൂന്നുപേരില്‍ രണ്ടുപേര്‍ കാറില്‍ നിന്നിറങ്ങിയോടി. ഒരാളെ അപ്പോള്‍ തന്നെ പൊലീസ് പിടികൂടി. ഇറങ്ങിയോടിയവരെ പിന്നാലെയോടി പൊലീസ് പിടികൂടി.

ബാബു ധാര (27), രാജേഷ് (23), സുരേഷ് (20) എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് നിരോധിത പുകയിലെ ഉല്‍പ്പന്നങ്ങള്‍ കടത്തുന്ന സംഘമാണ് പിടിയിലായത്. കാറിനെ തടഞ്ഞുനിര്‍ത്താനായി സാഹസിക യാത്ര നടത്തിയ കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്‍റെ വിഡിയോ പുറത്തുവന്നതോടെ അദ്ദേഹത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തുവന്നത്. കാര്‍ അപകടമൊന്നുമില്ലാതെ തടഞ്ഞ കോയമ്പത്തൂര്‍, തിരുപ്പൂര്‍ പൊലീസിനും സമൂഹമാധ്യമങ്ങളില്‍ പ്രശംസ ഉയരുന്നുണ്ട്.

ENGLISH SUMMARY:

Malayala Manorama News reports on a daring police chase in Coimbatore where Constable Velmurugan bravely clung to a speeding car to prevent the escape of smugglers. This incident highlights the risks faced by law enforcement and the successful apprehension of individuals involved in illegal tobacco smuggling.