• ഞാന്‍ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടേക്കാമെന്ന് എന്നോട് ഉന്നതരായ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ, രാജ്യം ഉണരട്ടെ'- വാങ്ചുക്

ലഡാക്കിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയതിനാല്‍ ഏറ്റുമുട്ടില്‍ താന്‍ കൊല്ലപ്പെട്ടേക്കാമെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്. ലഡാകിലെ ജനങ്ങള്‍ക്ക് മേലുണ്ടായ ആക്രമണത്തിന്‍റെ ഒന്നാം വാര്‍ഷികത്തിലായിരുന്നു വാങ്ചുകിന്‍റെ പ്രതികരണം. ഇന്ത്യ ലഡാക്കിലുള്ളവരോട് പെരുമാറുന്നതിനെക്കാള്‍ ഭേദമാണ് ചൈനയ്ക്ക് തിബറ്റിനോടുള്ള നിലപാടെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24ന് ലഡാക്കില്‍ വര്‍ഗീയ കലാപത്തിനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടന്നുവെന്നുവെന്നും അതിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് അമിത് ഷാ ആഭ്യന്തരമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്നും വാങ്ചുക് പറഞ്ഞു.

'ഇന്നത്തെ ഈ വാക്കുകള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ എന്നെ അടിച്ചമര്‍ത്തുമെന്ന് എനിക്കുറപ്പാണ്. അവരത് മുന്‍പും ചെയ്തിട്ടുണ്ട്. എന്നെ ജയിലില്‍ അടച്ചിട്ടുണ്ട്. ഇനി ഏറ്റുമുട്ടല്‍ മാത്രമേ ബാക്കിയുള്ളൂ. അങ്ങനെ തന്നെ അവര്‍ എന്നെ കൊല്ലണമെന്നാണ് ഞാനും ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടേക്കാമെന്ന് എന്നോട് ഉന്നതരായ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ, രാജ്യം ഉണരട്ടെ'- വാങ്ചുക് കൂട്ടിച്ചേര്‍ത്തു. 

നൂറുകണക്കിന് ആളുകളാണ് ലഡാക്കില്‍ കഴിഞ്ഞ വര്‍ഷം സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്. വെടിവയ്പിന് പിന്നാലെ പ്രതിഷേധക്കാരെ കൂട്ടത്തോടെ പൊലീസ് പിടിച്ചുകൊണ്ട് പോകുകയും കലാപത്തിനും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും സര്‍ക്കാര്‍ വസ്തുവകകള്‍ നശിപ്പിച്ചതിനും കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിന്‍റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി ലഡാക്കിലെ ജനങ്ങള്‍ക്കെതിരെ അന്നെടുത്ത എല്ലാ കേസുകളും ലഡാക്ക് ലഫ്റ്റന്‍റ് ഗവര്‍ണര്‍ പിന്‍വലിച്ചിരുന്നു.

'ലഡാക്കിലെ മുസ്​ലിംകളും ബുദ്ധമതക്കാരും തമ്മില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു. അതിന്‍റെ ഭാഗമായി മൂന്ന് മുസ്​ലിം ഓഫിസര്‍മാരെ അന്ന് മജിസ്ട്രേറ്റുമാരായി നിയമിച്ചു. ബുദ്ധമതാനുയായികള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ അവരോട് ഉത്തരവിടാന്‍ ആവശ്യപ്പെട്ടു. ഇതോടെ മുസ്​ലിംകള്‍ തങ്ങളുടെ ആളുകളെ കൊന്നൊടുക്കിയെന്ന് ബുദ്ധമതക്കാരെ കൊണ്ട് പറയിപ്പിക്കാനായിരുന്നു പദ്ധതി. പക്ഷേ അന്ന് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നല്ലവരായിരുന്നതിനാല്‍ വെടിവയ്ക്കാനുള്ള ഉത്തരവ് അവര്‍ പുറപ്പെടുവിച്ചില്ല. തങ്ങളുടെ ജീവന്‍ നല്‍കേണ്ടി വന്നാലും ജോലി പോയാലും സാധാരണ ജനങ്ങളെ വെടിവയ്ക്കാനുള്ള ഉത്തരവില്‍ ഒപ്പിടില്ലെന്ന് അവര്‍ പറഞ്ഞു'- വാങ്ചുക് വെളിപ്പെടുത്തി. സെപ്റ്റംബര്‍ 24 ലെ അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വാങ്ചുക് ആവശ്യപ്പെട്ടു. ലഡാക്കിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം കേന്ദ്ര സര്‍ക്കാരാണെന്നും ജനങ്ങളെ വഞ്ചിക്കുകയാണ് അമിത് ഷാ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Climate activist Sonam Wangchuk claimed he might be killed in an encounter for leading protests demanding statehood and Sixth Schedule protections for Ladakh. Wangchuk strongly criticized Union Home Minister Amit Shah and claimed China treats Tibet better than India treats Ladakh.