Image Credit: X/newsmeter

  • രാത്രി 11.50 ഓടെയാണ് തീപിടിത്തമുണ്ടായത്. ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

തെലങ്കാനയിലെ ആദിലാബാദിലെ ആശുപത്രിയില്‍ എസി പൊട്ടിത്തെറിച്ചുണ്ടായ തീ പിടിത്തത്തില്‍ രണ്ട് നവജാതശിശുക്കള്‍ വെന്തുമരിച്ചു. ഇന്നലെ രാത്രിയോടെയാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ സ്പെഷല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റില്‍ അപകടം ഉണ്ടായത്. എന്‍ഐസിയുവില്‍ ഉണ്ടായിരുന്ന 28 കുട്ടികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു.

രാത്രി 11.50 ഓടെയാണ് തീപിടിത്തമുണ്ടായത്. ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ അതിവേഗം മുറിയില്‍ പടര്‍ന്ന് പിടിക്കുകയായിരുന്നു. അഗ്നിരക്ഷാ സംഘം ഉടനടി ആശുപത്രിയിലെത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പിടിത്തത്തിന്‍റെ യഥാര്‍ഥ കാരണമെന്തെന്ന് അന്വേഷിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനം അറിയിച്ചു. തീ പിടിത്തത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പരുക്കേറ്റവരുടെ ചികില്‍സാച്ചെലവുകള്‍ വഹിക്കാനും മികച്ച ചികില്‍സ ഉറപ്പുവരുത്താനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍തല അന്വേഷണവും പ്രഖ്യാപിച്ചു. തെലങ്കാനയിലെ ആശുപത്രികളിലെങ്ങുമുള്ള വൈദ്യുതി സംവിധാനങ്ങള്‍ പരിശോധിക്കാനും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ENGLISH SUMMARY:

Two newborn infants died after an AC unit exploded, triggering a massive fire in the NICU at RIMS Hospital in Adilabad, Telangana. Emergency personnel safely evacuated 28 other babies from the ward. Chief Minister Revanth Reddy ordered a high-level probe into the incident and directed an immediate electrical safety audit across all hospitals in Telangana.