ഉദ്ഘാടനത്തിനും മറ്റുമായി സെലിബ്രിറ്റികളെ കടയിലേക്കും സ്ഥാപനങ്ങളിലേക്കും ക്ഷണിക്കുന്നത് പുതിയ ട്രെന്‍ഡൊന്നുമല്ല.  സെലിബ്രിറ്റി അത്യാവശ്യം ഫേമസാണെങ്കില്‍ പറയുകയും വേണ്ട. ജനസാഗരമുണ്ടാകും. എന്നാല്‍ താരങ്ങളെ കെട്ടിപ്പിടിക്കാനും തൊടാനും സെല്‍ഫി എടുക്കാനുമെല്ലാം ആരാധകരുണ്ടാവുമെങ്കിലും ഇത് അമിതമായാല്‍ ഒരു കയ്യേറ്റമായി മാറും. നിലവില്‍ കേരളത്തിലും മറ്റും ഇത്തരം കയ്യേറ്റ ആരാധകര്‍ കുറവാണെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ കഥ ഇതല്ല. 

ബിഹാര്‍ ഷരീഫില്‍ ഒരു കടയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു നടി കാജല്‍ രാഘ്‍വാണി. ഉദ്ഘാടനത്തോടനുബന്ധിച്ച് കട നടിയെ കാണാനും സെല്‍ഫി എടുക്കാനുമായി ആരാധകരുടെ ഒരു പട തന്നെ പ്രദേശത്തെത്തിയിരുന്നു. എന്നാല്‍ നടിയ്ക്ക് നേരെ നടന്നത് ആരാധകരുടെ കയ്യേറ്റ ആരാധനയായിരുന്നു. 

ഉദ്ഘാടനത്തിനെത്തിയ നടിയെ കാത്തിരുന്ന ആരാധകര്‍ അക്ഷമരായിരുന്നു. നടി തിരക്ക് കണ്ട് കാര്‍ പാര്‍ക്ക് ചെയ്ത് അകത്ത് കയറി. എന്നാല്‍ നടിയെ ആരാധകര്‍ കണ്ടില്ല. ഇതോടെ നടി കാറിലാണെന്ന ധാരണയില്‍ ആരാധകര്‍ കാറിനടുത്തെത്തി. ഗ്ലാസ് പൊക്കി ലോക്കാക്കിയിരുന്ന ഫോര്‍ച്യൂണര്‍ കാറില്‍ നടിയുണ്ടെന്ന ധാരണയില്‍ ഇവര്‍ കാറിനെ പൊതിഞ്ഞു. തുടര്‍ന്ന് കാറിന്‍റെ ഗ്ലാസ് അടിച്ചുതകര്‍ത്ത് അകത്തുകയറി. അകത്തുകയറിയവര്‍ നടിയുടെ കാറിനകത്തിരുന്ന സെല്‍ഫിയും മറ്റുമെടുത്തു. ഇതിനോടകം ഉദ്ഘാടനം കഴിഞ്ഞിരുന്നു. 

പിന്നീട് നടിയെ സുരക്ഷിതയായി കാറിനടുത്തെത്തിക്കുകയും കാര്‍ അതിവേഗത്തില്‍ പ്രദേശത്ത് നിന്ന് ഓടിച്ച് നടി രക്ഷപ്പെടുകയുമായിരുന്നു. നടിയുടെ കാറിന് പിന്നാലെ ആളുകള്‍ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. 

പിന്നീട് സമൂഹമാധ്യമത്തില്‍ നടി വിഡിയോയുമായെത്തി. താന്‍ സുരക്ഷിതയാണെന്ന് വ്യക്തമാക്കി. തന്‍റെ കാറടിച്ചു പൊളിച്ച ആരാധകരോട് നന്ദി പറയാനും നടി മറന്നില്ല. ഇനിയും പിന്തുണ വേണമെന്നായിരുന്നു നടിയുടെ പ്രസ്താവന. 

ENGLISH SUMMARY:

Celebrity store openings are a common trend, but fans can sometimes cross the line. In a recent incident in Bihar Sharif, actress Kajal Raghwani faced an aggressive crowd at a store inauguration, leading to her car being damaged. This highlights the growing concern over fan behavior and its impact on celebrities.