Image Credit: @HateDetectors
കുടുംബതര്‍ക്കത്തിന് പിന്നാലെ നഴ്സ് ആയ ഭാര്യയെ ആശുപത്രിയില്‍ കയറി വെട്ടി ശരീരത്തില്‍ ആസിഡൊഴിച്ച ഭര്‍ത്താവ് പിടിയില്‍. ബെംഗളൂരു ജെപി നഗറിലാണ് സംഭവം. കൊല്‍ക്കത്ത സ്വദേശിയായ മധുമിത (26) എന്ന യുവതിയാണ് ആക്രമണത്തിനിരയായത്. പിന്നാലെ തമിഴ്നാട് സ്വദേശിയായ ഭര്‍ത്താവ് വെങ്കടേശന്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാവിലെ 09:15നാണ് സംഭവം
സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മധുമിത ആശുപത്രിയില്‍ നിന്നും പ്രഭാതഭക്ഷണം കഴിക്കാനായി കാന്‍റീനിലേക്ക് പോകും വഴിയായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ വെങ്കടേശന്‍ കയ്യില്‍ കത്തിയും, വടിവാളും ആസിഡും കരുതിയിരുന്നു. പിന്നാലെ ഇയാള്‍ മധുമിതയെ കണ്ടെത്തുകയും വടിവാള്‍ കൊണ്ട് മധുമിതയെ വെട്ടുകയുമായിരുന്നു. യുവതിയുടെ ശരീരത്തില്‍ ഇയാള്‍ ആസിഡുമൊഴിച്ചു. പിന്നാലെ യുവതി ആശുപത്രിയിലെ ഭൂഗര്‍ഭ പാര്‍ക്കിങ്ങിലേക്ക് പ്രാണരക്ഷാര്‍ഥം അലറിക്കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു. കരിച്ചില്‍ കേട്ടതോടെ ആളുകള്‍ ഓടിക്കൂടി.
തെരുവുനായ ശല്യത്തില്‍ നടപടിയില്ല; നായ്ക്കളെ പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് പ്രതിഷേധം...
യുവാവിന്‍റെ കയ്യില്‍ ആയുധങ്ങള്‍ കണ്ടതോടെ ആളുകള്‍ ഇയാളെ കല്ലെടുത്തെറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ ആളുകള്‍ക്ക് നേരെയും ആക്രമണമഴിച്ചുവിട്ടു. ആശുപത്രിക്ക് തൊട്ടുമുന്‍പുണ്ടായിരുന്ന ജംങ്ഷനിലെ പൊലീസ് ശബ്ദം കേട്ടെത്തുകയും വെങ്കടേഷിനെ കീഴ്പ്പെടുത്തുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ മധുമിത ചികില്‍സയിലാണ്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വെങ്കടേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ് പൊലീസ്.