പതിറ്റാണ്ടുകളായി തുടരുന്ന ഭൂമി തർക്കത്തിൽ നീതി ലഭിക്കാനും സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും തന്റെ ബാല്യകാല സഹപാഠിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ച് 81-കാരൻ. ഗുജറാത്തിലെ വഡ്‌നഗറിലുള്ള ബി.എൻ. സ്കൂളിൽ നരേന്ദ്ര മോദിയോടൊപ്പം പഠിച്ച മീരാ റോഡ് സ്വദേശി അസ്ഗറലി വോറയാണ് പ്രധാനമന്ത്രിയെ കണ്ട് പരാതി നൽകിയത്.
സെപ്റ്റംബർ 8-നായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. പ്രധാനമന്ത്രിയിൽ നിന്ന് അനുകൂലമായ മറുപടി ലഭിച്ചതോടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായികാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പത്രക്കുറിപ്പും പുറത്തുവിടുന്നത്, അസ്ഗറലി വോറയ്ക്ക് പ്രധാനമന്ത്രി നീതി ഉറപ്പാക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
1989-ലാണ് ഭയന്ദർ ഈസ്റ്റിലെ നവ്ഘറിൽ 2,810 ചതുരശ്ര മീറ്റർ ഭൂമി വോറ വാങ്ങുന്നത്. എന്നാൽ 2011-ൽ ബി.ജെ.പി എം.എൽ.എ നരേന്ദ്ര മേത്തയുമായി ബന്ധമുള്ള 'സെവൻ ഇലവൻ കൺസ്ട്രക്ഷൻസ്', 'സ്വയം ബിൽഡേഴ്സ്' എന്നീ കമ്പനികൾ തന്റെ ഭൂമി അനധികൃതമായി കയ്യേറിയെന്നാണ് വോറയുടെ ആരോപണം. യഥാർഥ ഉടമയെ മറച്ചുവച്ച് വ്യാജരേഖകൾ നിർമ്മിച്ച് ഭൂമി രണ്ട് ഭാഗങ്ങളാക്കി മാറ്റുകയും ഇരു നിർമ്മാണ കമ്പനികളുടെയും കൈവശത്തിലാണെന്ന് കാണിക്കുകയുമായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.
ഇതുസംബന്ധിച്ച് 2015-ൽ പൊലീസ് എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. പരിഹാരത്തിനായി വർഷങ്ങളായി റവന്യൂ വകുപ്പിനെയും പൊലീസിനെയും നഗരസഭാ അധികൃതരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും വോറ പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിഷയം നഗരസഭാ ഭരണകൂടം ഗൗരവമായി എടുത്തിട്ടുണ്ട്. സെപ്റ്റംബർ 16-ന് വിഷയത്തിൽ ഹിയറിങ് നിശ്ചയിച്ചിട്ടുണ്ടെന്നും, സെവൻ ഇലവൻ കൺസ്ട്രക്ഷൻസ്, സ്വയം ബിൽഡേഴ്സ് എന്നിവരുടെ പ്രതിനിധികളോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.