വിദേശത്തേക്ക് ജോലിക്ക് പോകുമ്പോൾ പുതിയ കാർ എവിടെ പാർക്ക് ചെയ്യും? ഗാരേജിലോ സുഹൃത്തുക്കളുടെ വീട്ടിലോ ഇട്ടാൽ മോഷ്ടാക്കൾ കൊണ്ടുപോയാലോ? ഈ പേടി കാരണം പുതിയ മഹീന്ദ്ര സ്കോർപിയോ വീടിന്‍റെ രണ്ടാം നിലയില്‍ കയറ്റി പാർക്ക് ചെയ്തിരിക്കുകയാണ് ബിഹാർ സ്വദേശി മനോജ് യാദവ്.
ഇസ്രയേലിൽ ജോലി ചെയ്യുന്ന മനോജ് ആശിച്ച് മോഹിച്ചാണ് പുതിയ വാഹനം വാങ്ങിയത്. വീടിന് മുന്നിൽ പാർക്ക് ചെയ്ത് വിദേശത്തേക്ക് പോയാൽ വാഹനം നഷ്ടപ്പെടുമെന്ന ഭയമായിരുന്നു മനോജിന്. അതുകൊണ്ട് ഒരു ക്രെയിൻ വാടകയ്‌ക്കെടുത്ത് വണ്ടി നേരെ രണ്ടാം നിലയിലെ ടെറസിലെത്തിച്ചു. വീടിന് മുകളിലേക്ക് ക്രെയിൻ ഉപയോഗിച്ച് വണ്ടി പതുക്കെ ഉയർത്തുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇസ്രയേലിൽ ജോലി ചെയ്യുന്ന മനോജ് നാട്ടിലെത്തി വണ്ടി വാങ്ങിയശേഷം ഒരു ഡ്രൈവറെയും ഏർപ്പാടാക്കിയിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഡ്രൈവർ ജോലി നിർത്തിപ്പോയി. അതോടെയാണ് മനോജിന് ഈ അറ്റകൈ പ്രയോഗിക്കേണ്ടിവന്നത്.
വണ്ടി ടെറസിലേക്ക് കയറ്റുന്നതിന്റെ വീഡിയോ കൂടി പുറത്തുവന്നതോടെ 'പുരപ്പുറത്ത് കാറുള്ള വീട്' ഇപ്പോൾ നാട്ടുകാർക്കിടയിൽ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. അതേസമയം, വീടിന്റെ കോൺക്രീറ്റ് സ്ലാബിന് വാഹനത്തിന്റെ കനത്ത ഭാരം താങ്ങാനാകുമോ എന്ന ആശങ്ക പ്രകടിപ്പിക്കുന്നവരുമുണ്ട്.