പൂനെയിൽ ഇരുമ്പുതൂൺ തകർന്നുവീണ് 45കാരിക്ക് ദാരുണാന്ത്യം. സൽമ സലാവുദ്ദീൻ പത്താൻ എന്ന യുവതിയാണ് മരിച്ചത്. വെള്ളിയാഴ്ച പ്രദേശത്ത് നടന്ന ഹൽദി ചടങ്ങിനോടനുബന്ധിച്ച് ഉയർത്തിയ പന്തലിന്റെ ഇരുമ്പുതൂൺ അഴിച്ചുമാറ്റുന്നതിനിടെ മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഒരു കൂട്ടം ആളുകൾ തൂൺ അഴിക്കാൻ ശ്രമിക്കുന്നതും സൽമ അവിടെ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പൊടുന്നനെ തൂൺ മറിഞ്ഞുവീഴുകയായിരുന്നു. തൂൺ പിടിച്ചുനിർത്താൻ ആളുകൾ ശ്രമിക്കുന്നതും ചിലർ പരക്കംപായുന്നതും ദൃശ്യങ്ങളിൽ കാണാം. ആളുകൾ മുന്നറിയിപ്പ് നൽകിയതോടെ സൽമ ഓടാൻ ശ്രമിച്ചെങ്കിലും തൂൺ ഇവരുടെ തലയിലേക്ക് വീഴുകയായിരുന്നു.
സഹോദരനെക്കുറിച്ച് മോശം കമന്‍റ്; ഭര്‍തൃസഹോദരിയെ കുത്തിക്കൊന്ന് വാട്ടര്‍ടാങ്കിലിട്ട് യുവതി...
തൂണിന്റെ ഏറ്റവും ഭാരമേറിയ ഭാഗമാണ് സൽമയുടെ ശരീരത്തിലേക്ക് വീണത്. വീഴ്ചയുടെ ആഘാതത്തിൽ ഇവർ തൽക്ഷണം മരണമടയുകയായിരുന്നു. പത്തിലേറെപ്പേർ ചേർന്ന് തൂൺ ഉയർത്തിയ ശേഷമാണ് സൽമയുടെ മൃതദേഹം പുറത്തെടുത്തത്.
പരിപാടി സംഘടിപ്പിച്ചവരിൽ സൽമയുടെ മകനും ഉണ്ടായിരുന്നു. സംഭവത്തിൽ ആർക്കുമെതിരെ കേസെടുക്കേണ്ടതില്ലെന്ന് കുടുംബം അഭ്യർഥിച്ചു. അബദ്ധത്തിൽ സംഭവിച്ച അപകടത്തിന്റെ പേരിൽ ആരെയും ജയിലിൽ അടയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സൽമയുടെ കുടുംബം വ്യക്തമാക്കി. എന്നാൽ അപകടമരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.