madhya-pradesh

TOPICS COVERED

മധ്യപ്രദേശിലെ ഗുണ ജില്ലയിൽ ശുദ്ധീകരിച്ച പാം ഓയിൽ കയറ്റിവന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു. അപകടത്തെത്തുടർന്ന് ടാങ്കറിലുണ്ടായിരുന്ന ആയിരക്കണക്കിന് ലിറ്റർ എണ്ണ റോഡിലേക്കും സമീപത്തെ ഓടകളിലേക്കും ഒഴുകിപ്പരന്നു.

ഇൻഡോറിൽ നിന്നും മന്ദിദീപിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയായിരുന്നു അപകടത്തിൽ പെട്ടത്. വാർത്തയറിഞ്ഞതോടെ പാത്രങ്ങളും ബക്കറ്റുകളും ക്യാനുകളുമായി നാട്ടുകാരുടെ സംഘമാണ് അപകടസ്ഥലത്തേക്ക് ഇരച്ചെത്തിയത്. റോഡിലൂടെയും ഡ്രെയിനേജിലൂടെയും ഒഴുകിയ എണ്ണ കൈക്കലാക്കാൻ ആളുകൾ മത്സരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

നാട്ടുകാർ ടാങ്കറിനടുത്തേക്ക് ചെന്ന് എണ്ണ എടുക്കാൻ ശ്രമിക്കുന്നതും പൊലീസ് അവരെ തടയാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ എണ്ണ ശേഖരിക്കുന്നതിൽ നിന്ന് ജനങ്ങൾ പിന്മാറാൻ കൂട്ടാക്കിയില്ല. ജനങ്ങളുടെ ഈ സ്വഭാവത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. അപകട സാധ്യതപോലും പരിഗണിക്കാതെ സൗജന്യമായി എന്ത് കിട്ടിയാലും അവിടെയെലാം ആളുകൾ എത്തുമെന്ന് വീഡിയോയ്ക്ക് ഒരു യൂസർ കമന്റ് ചെയ്തപ്പോൾ ജനങ്ങളുടെ ഇല്ലായ്മയെയാണ് ഇത് കാണിക്കുന്നതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. 

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം ആളുകളെ സ്ഥലത്തുനിന്ന് മാറ്റി സ്ഥിതിഗതികൾ ശാന്തമാക്കി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട ടാങ്കർ നിവർത്തുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

ENGLISH SUMMARY:

An oil tanker carrying refined palm oil overturned in the Guna district of Madhya Pradesh, spilling thousands of liters of oil onto the road and into drains. Following the accident, locals rushed to the scene with containers, attempting to collect the spilled oil, leading to viral social media footage and criticism.