ഐഫോണിന്റെ മാസാമാസമുള്ള ഇഎംഐ അടയ്ക്കാൻ സാധിക്കാത്തതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്തിൽ യുവാവ് യമുനാ നദിയിൽ ചാടി. നൃത്തധ്യാപകനായ ദീപക് കുമാർ ആണ് നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. തെക്കുകിഴക്കൻ ദില്ലിയിലെ കാലിന്ദി കുഞ്ച് ഭോലാ ഘട്ടിൽ വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫ്ലഡ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരും ചേർന്ന് ദീപക്കിനെ നദിയിൽ നിന്ന് കരയ്‌ക്കെത്തിച്ചു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചിരുന്നെന്ന് ദീപക് പൊലീസിനോട് പറഞ്ഞു. വരുമാനം കുറഞ്ഞതോടെ ദീപക് വാങ്ങിയ ഐഫോണിന്റെ മാസ തവണകൾ മുടങ്ങുകയായിരുന്നു. ഇതേത്തുടർന്ന് കടുത്ത സാമ്പത്തിക- മാനസിക സമ്മർദ്ദമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നും അതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് ദീപക് പൊലീസിനോട് പറഞ്ഞു. കരയിലെത്തിച്ച ദീപക്കിന് ചികിത്സയും കൗൺസിലിങ്ങും നൽകിയ ശേഷം ഭാര്യയെയും ബന്ധുക്കളെയും വിളിച്ചു വരുത്തി വീട്ടിലേക്ക് അയച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. 

മഹാരാഷ്ട്രയിൽ ഐഫോൺ വാങ്ങി നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മൂന്ന് പേർ മരിച്ച ദാരുണ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ദില്ലിയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ENGLISH SUMMARY: