Image Credit:X
പ്രസവ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച ഗ്ലൗസുകളും പഞ്ഞിക്കഷ്ണങ്ങളും ടിഷ്യൂപേപ്പറുകളും ഡോക്ടര്‍മാര്‍ വയറ്റില്‍ വച്ച് തുന്നിക്കെട്ടിയതിനെ തുടര്‍ന്ന് യുവതി ഗുരുതരാവസ്ഥയില്‍. മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിലാണ് സംഭവം. 19കാരിയായ സന്ധ്യ സൂരജ് ഗെയ്ക്ക്വാദാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുള്ളത്. ഓഗസ്റ്റ് ഒന്നിനാണ് യുവതി പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. നാലു ദിവസം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
കടുത്ത വയറുവേദനയുണ്ടായെങ്കിലും പ്രസവത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടാകാമെന്നാണ് യുവതി കരുതിയത്. പക്ഷേ വേദന അസഹനീയമായതോടെ പൂണെയിലെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് സ്കാന്‍ ചെയ്തതോടെയാണ് ശസ്ത്രക്രിയ ഉപകരണങ്ങളടക്കം വയറിലുള്ളതായി കണ്ടെത്തിയത്. ഉടന്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. വയറ്റില്‍ നിന്ന് ടിഷ്യു പേപ്പറും ഗ്ലൗസുമടക്കമുള്ള നീക്കം ചെയ്തു.
ഗുരുതരമായ അനാസ്ഥയാണ് സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബം ആശുപത്രിക്കെതിരെ പരാതി നല്‍കി. നവജാതശിശുവിനെ കൈയ്യിലെടുക്കാന്‍ പോലും വയ്യാത്തത്ര വേദനയായിരുന്നു തന്റെ മകള്‍ക്കെന്ന് സന്ധ്യയുടെ അമ്മ പറയുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസവ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും സ്റ്റാഫുമാര്‍ക്കുമെതിരെ അന്വേഷണം ആരംഭിച്ചു. ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.