ഇറച്ചിക്കടയിൽ ആടിനെ പിടിക്കാൻ കയറിയ 15 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ, മദ്യലഹരിയില്‍ പിടികൂടി കഴുത്തിലണിഞ്ഞ് യുവാവ്. ഉത്തർപ്രദേശിലെ ബാരബങ്കിയിലാണ് സംഭവം. പെരുമ്പാമ്പിനെ മാലപോലെ കഴുത്തിലണിഞ്ഞ് നില്‍ക്കുന്ന യുവാവിന്‍റെ നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വെള്ളിയാഴ്ച രാത്രിയാണ് ഇറച്ചിക്കടയിലേക്ക് 15 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ് ഇരതേടി എത്തിയത്. കടയിലുണ്ടായിരുന്ന ആടുകളായിരുന്നു ലക്ഷ്യം. പാമ്പിനെ കണ്ടതോടെ കടയുടമയും പരിസരവാസികളും പരിഭ്രാന്തരായി ഓടി. എന്നാൽ, ഈ സമയത്താണ് സുരേഷ് എന്നയാള്‍ സംഭവസ്ഥലത്തെത്തിയത്. മദ്യലഹരിയിലായിരുന്നു സുരേഷ്.
പിന്നാലെ ആരും അടുത്തുചെല്ലാൻ ഭയക്കുന്ന പാമ്പിനെ സുരേഷ് യാതൊരു കൂസലുമില്ലാതെ വെറും കൈകൊണ്ട് പിടികൂടുകയായിരുന്നു. പാമ്പ് രക്ഷപ്പെടാൻ ശ്രമിക്കുകയും സുരേഷിന്‍റെ കയ്യിൽ ചുറ്റിവരിയുകയും കടിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും അയാൾ അതൊന്നും ഗൗനിച്ചില്ല. ഇതിനിടയിൽ സുരേഷിന് കടിയേറ്റെങ്കിലും പെരുമ്പാമ്പിന് വിഷമില്ലാത്തതിനാൽ അപകടമൊന്നും സംഭവിച്ചില്ല.
ഏറെ നേരത്തെ മൽപ്പിടുത്തത്തിന് ശേഷം പാമ്പിനെ പിടികൂടിയ സുരേഷ്, പാമ്പിനെ ഒരു മാല പോലെ തന്റെ കഴുത്തിൽ ചുറ്റി. കണ്ടുനിന്നവരെല്ലാം അമ്പരപ്പോടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഒടുവില്‍ പാമ്പിനെ കഴുത്തിലണിഞ്ഞ് കുറച്ചുനേരം പ്രദർശനം നടത്തിയ ശേഷം പാമ്പിനെ സമീപത്തുള്ള ഓടയിൽ കൊണ്ടുപോയി തുറന്നുവിടുകയായിരുന്നു.