സിജെപിയും ജന്തർമന്തർ പ്രതിഷേധത്തിന് പിന്നാലെ ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. ഡൽഹി സമരം വിജയിച്ചതുപോലെ പലതും ഫലം കാണുന്നുണ്ട്. രാജസ്ഥാനിലെ ജയ്പൂരിലുള്ള സർക്കാർ സേത്ത് ആനന്ദിലാൽ പൊദ്ദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് അവകാശങ്ങൾക്കായി തെരുവിലിറങ്ങിയത്. പ്ലക്കാർഡുകളുമേന്തി സാധിക്കുന്ന രീതിയിൽ ആംഗ്യഭാഷയിലൂടെയായിരുന്നു പ്രതിഷേധം. ക്ലാസ് മുറിയുടെ മേൽക്കൂരയിൽ നിന്ന് പ്ലാസ്റ്റർ അടർന്ന് വീണ് ഒരു വിദ്യാർത്ഥിക്ക് പരുക്കേറ്റതിന് പിന്നാലെയാണ് പ്രതിഷേധം ഉടലെടുത്തത്. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള അഞ്ഞൂറിലധികം ഭിന്നശേഷി വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.
വിദ്യാർത്ഥികൾ ഉന്നയിച്ച പ്രശ്നങ്ങൾ ഗൗരവതരം എന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇതോടെ സ്കൂൾ പ്രിൻസിപ്പൽ ഭരത് ജോഷിയെ സസ്പെൻഡ് ചെയ്തു. വൈസ് പ്രിൻസിപ്പൽ രേഷ്മ ബത്രയ്ക്ക് സ്കൂളിന്റെ താൽക്കാലിക ചുമതല നൽകി. കൂടാതെ, ഒരു അധ്യാപകനെയും ഒരു നാലാം ക്ലാസ് ജീവനക്കാരനെയും മാറ്റിനിർത്തുകയും ചെയ്തു.
വിദ്യാർത്ഥികൾ നേരിടുന്ന ദുരിതങ്ങൾ
ശൗചാലയങ്ങളുടെ ശോചനീയാവസ്ഥ, കടുത്ത കുടിവെള്ള ക്ഷാമം, ചോർന്നൊലിക്കുന്ന കെട്ടിടം, ഹോസ്റ്റലുകളിലെ തകർന്ന ഡ്രെയിനേജ് സംവിധാനം, മോശം ഭക്ഷണം എന്നിവയാണ് പ്രധാന പരാതികൾ. ഇതിനുപുറമെ ഒരു പുരുഷ ജീവനക്കാരൻ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിനെതിരെയും പരാതിയുണ്ട്. 76 അധ്യാപക തസ്തികകളുള്ള സ്കൂളിൽ 25-ഓളം പേർ മാത്രമാണ് ഹാജരാകുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു. 11, 12 ക്ലാസുകളിലേക്ക് അടുത്തിടെ നിയമിച്ച 13 അധ്യാപകർക്ക് ആംഗ്യഭാഷ അറിയില്ലെന്ന ഗുരുതരമായ വിവരവും വൈസ് പ്രിൻസിപ്പൽ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
വിദ്യാർത്ഥികൾ തെരുവിലിറങ്ങിയതോടെ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, പ്രതിപക്ഷ നേതാവ് ടിക്കറാം ജൂലി എന്നിവർ സ്കൂളിലെത്തി വിദ്യാർത്ഥികളുമായി സംസാരിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയ്ക്ക് കത്തെഴുതി എന്ന് അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദീർഘകാല പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.