• തമിഴ്‌നാടിന് ജലം വിട്ടുനല്‍കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി തറപ്പിച്ച് പറഞ്ഞിട്ടും വിജയ് സര്‍ക്കാര്‍ മൗനം തുടരുന്നതിനെതിരെ തമിഴ്‌നാട്ടില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു

കാവേരി നദി ജലത്തര്‍ക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കിയേക്കും. തമിഴ്‌നാടിന്  നിയമപ്രകാരമുള്ള ജലവിഹിതം നല്‍കില്ലെന്ന്  കര്‍ണാടക നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് നീക്കം. അതിനിടെ കബനി ഡാം നിറഞ്ഞതിനെ തുടര്‍ന്ന് കര്‍ണാടക കഴിഞ്ഞദിവസം ഷട്ടറുകള്‍ തുറന്നുവിട്ടിരുന്നു. 

തമിഴ്‌നാടിന് ജലം വിട്ടുനല്‍കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി തറപ്പിച്ച് പറഞ്ഞിട്ടും വിജയ് സര്‍ക്കാര്‍ മൗനം തുടരുന്നതിനെതിരെ തമിഴ്‌നാട്ടില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കേരളത്തില്‍ മഴ ശക്തമായതോടെ നിറഞ്ഞ കബനി ഡാമിന്‍റെ ഷട്ടര്‍ തുറന്നുവിട്ട്,  തമിഴ്‌നാട്ടിലേക്ക് വെള്ളം നല്‍കിയെങ്കിലും നിയമപ്രകാരമുള്ള ജലവിഹിതം സംസ്ഥാനത്തിന് നല്‍കില്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ണാടക. 

നിലവിലെ കോടതി ഉത്തരവ് അനുസരിച്ച് സാധാരണ  ജൂണ്‍ മാസത്തില്‍ 12 TMC വെള്ളമാണ് കര്‍ണാടക തമിഴ്നാടിന് നല്‍കേണ്ടത്. എന്നാല്‍ ഇത് ലഭിക്കാതായതോടെ തമിഴ്നാട് കാവേരി ജലനിയന്ത്രണ സമിതിയെ  സമീപിക്കുകയായിരുന്നു.

പ്രതിദിനം 3500 ക്യുസെക്സ് വീതം വെള്ളം 15 ദിവസത്തേക്ക്  നല്‍കണമെന്ന് സമിതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കര്‍ണാടക കാവേരി വാട്ടര്‍ മാനേജ്മെന്‍റ് അതോറിറ്റിക്ക് അപ്പീല്‍ നല്‍കിയെങ്കിലും, സമിതിയുടെ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. 

വെള്ളം നല്‍കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ആവര്‍ത്തിച്ചതോടെ വിഷയം വീണ്ടും സുപ്രീംകോടതി കയറുകയാണ്. ​ വെള്ളം വിട്ടുനല്‍കാത്തതില്‍ കര്‍ണാടകയ്ക്കെതിരെ ഡിഎംകെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Tamil Nadu is filing a petition in the Supreme Court today regarding the Cauvery water dispute after Karnataka stated its stance of not providing the legally mandated water share. Despite Karnataka's Chief Minister's firm assertion of not releasing water, the Vijay government maintained silence, leading to strong protests in Tamil Nadu.