അസമിലെ ശിവസാഗർ ജില്ലയിൽ നദിക്കരയിൽ വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടിയ തടികളും അവശിഷ്ടങ്ങളും. (പി.ടി.ഐ ഫോട്ടോ)
പ്രളയം ബാധിച്ച അസമില്‍ പാളങ്ങള്‍ ഒലിച്ചു പോയത് റെയില്‍ ഗതാഗതത്തെ ബാധിച്ചു. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ ടിൻസുകിയ റെയിൽവേ ഡിവിഷനു കീഴിലാണ് വിവിധയിടങ്ങളില്‍ ട്രാക്കുകൾ ഒലിച്ചുപോയത്. പ്രളയം ആരംഭിച്ച് രണ്ടാഴ്ചയ്ക്ക് ശേഷവും റെയിൽവേ ട്രാക്കുകൾ പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ട്രെയിന്‍ ഗതാഗതം സാധാരണ ഗതിയിലാകാന്‍ മൂന്നാഴ്ചയോളം സമയമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനത്ത മഴ തുടരുന്നത് തിരിച്ചടിയാണ്.
ചരൈഡിയോ ജില്ലയിലെ സിമുൽഗുരി ജംക്‌ഷനും ലക്വ സ്റ്റേഷനും ഇടയിലുള്ള റെയിൽവേ ട്രാക്കിന് പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജൂലൈ 19-ന് രാത്രിയില്‍ ദികോയ്, ദിരാക നദികളിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് പ്രദേശം വെള്ളത്തിനടിയിലായത്. കരകവിഞ്ഞൊഴുകിയ വെള്ളം റെയിൽവേ പാളത്തിലേക്ക് ഇരച്ചുകയറുകയും 800 മീറ്റർ റെയിൽവേ പാളം ഒഴുക്കിക്കൊണ്ടുപോകുകയും ചെയ്തു. മേഖലയില്‍ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.
അസമില്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മരണസംഖ്യ 82 ആയി ഉയർന്നു. ചരൈഡിയോ, ശിവസാഗർ, ജോർഹട്ട് എന്നിവയുൾപ്പെടെ വിവിധ ജില്ലകളിലായി ഏകദേശം 1.93 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. സംസ്ഥാനത്ത് ആകെ 44 ദുരിതാശ്വാസ ക്യാംപുകളിലായി ഏകദേശം 15,000 പേരുണ്ട്. ഇതിനൊപ്പം 17 ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ 5,569 പേർക്ക് ഭക്ഷണം വിതരണവും നടക്കുന്നുണ്ട്.