ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിന് വെടിയേറ്റു. അഹമ്മദാബാദ് ഫത്തേഹ്‌വാടി സ്വദേശി ജാവേദ്ഖാൻ പത്താനാണ് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തിൽ ഭാര്യയുടെ കാമുകനായ മുജാഹിദ് സക്കീറലി നായിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.
2017ൽ ഒരു ചെറിയ കേസിൽപ്പെട്ട് ജാവേദ്ഖാൻ ജയിലിലായിരുന്ന സമയത്താണ് സുഹൃത്തായ മുജാഹിദ് സക്കീറലി നായ്, ജാവേദ്ഖാന്റെ ഭാര്യയുമായി അടുപ്പത്തിലാകുന്നത്. പിന്നീട് ഇരുവരും ഒളിച്ചോടി. ജയിൽമോചിതനായ ശേഷം ഭാര്യയെക്കുറിച്ച് അന്വേഷിക്കാൻ ജാവേദ്ഖാൻ മുജാഹിദിനെ സമീപിച്ചു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ മുജാഹിദിന്റെ കാർ ജാവേദ്ഖാൻ അടിച്ചുതകർക്കുകയും വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറയുന്നു.
'തന്‍റെ മരണത്തിന് ഉത്തരവാദി മോദി'; കുറിപ്പെഴുതിവച്ച് യുവാവ് ജീവനൊടുക്കി...
സംഭവത്തിന് പിന്നാലെ വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ മുജാഹിദും രണ്ട് സുഹൃത്തുക്കളും ജാവേദ്ഖാന്റെ വീടിന് സമീപത്തെത്തി. വീടിന് പുറത്തിരിക്കുകയായിരുന്ന ജാവേദ്ഖാനെ സംഘം വളഞ്ഞു. പിന്നാലെ മുജാഹിദ് കൈവശമുണ്ടായിരുന്ന തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു.
കൈയ്ക്ക് വെടിയേറ്റ ജാവേദ്ഖാൻ നിലത്തുവീണതോടെ മുജാഹിദും സുഹൃത്തുക്കളും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ചേർന്നാണ് പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്.
കൈയ്ക്കാണ് വെടിയേറ്റതെന്നതിനാൽ ജാവേദ്ഖാന്റെ നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്