Image Credit: X@Himansh83559135

  • ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ സഹോദരിമാരും കസിനും വിവാഹം ചെയ്തത് ഒരാളെ. സോഷ്യല്‍ മീഡിയയില്‍ വിഡിയോകള്‍ ചെയ്യുന്ന ഇന്‍ഫ്ലുവന്‍സര്‍മാരാണ് യുവതികള്‍. വിഡിയോയുടെ കാമറ ചെയ്യുന്ന യുവാവിനെയാണ് മൂവരും വിവാഹം ചെയ്തത്.

വരനും വധുവുമാണ് സാധാരണ കല്യാണങ്ങളിലെങ്കില്‍, ഉത്തര്‍പ്രദേശിലെ അമ്രോഹയിലാണ് അല്‍പം വ്യത്യസ്തമായൊരു വിവാഹം നടന്നു. ഒരു വരന് മൂന്നു വധു!. സഹോദരിമാരും കസിനും വിവാഹം ചെയ്തത് ഒരാളെയാണ്. ഒരേ വേദിയില്‍ ഒന്നിച്ചായിരുന്നു വിവാഹം എന്നതാണ് കൗതുകം. 

സോഷ്യല്‍ മീഡിയയില്‍ വിഡിയോകള്‍ ചെയ്യുന്ന ഇന്‍ഫ്ലുവന്‍സര്‍മാരാണ് യുവതികള്‍. വിഡിയോയുടെ കാമറ ചെയ്യുന്ന യുവാവിനെയാണ് മൂവരും വിവാഹം ചെയ്തത്. അമ്രോഹയിലെ ഹസന്‍പുരിലെ ഹൗരിയ ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇവര്‍. രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയായ സരോജ് (20), സഹോദരി സാവിത്ര (19), കസിന്‍ ഖടക്വംശി (18) എന്നിവരാണ് 20 കാരനായ വികാസിനെ (വിക്കി) വിവാഹം ചെയ്തത്. സമീപ ഗ്രാമമായ ശ്യംപുരിയില്‍ നിന്നുള്ളയാളാണ് വിക്കി.

ആറു മാസമായി യുവതികള്‍ക്കൊപ്പം വിഡിയോ ചെയ്യുന്നയാളാണ് വിക്കി. കാമറ കൈകാര്യം ചെയ്യുന്നതിനൊപ്പം ഇടയ്ക്ക് ഇവരുടെ ഭര്‍ത്താവായും അഭിനയിക്കാറുണ്ട്. മൂവര്‍ക്കും വേണ്ടി വീട്ടുകാര്‍ വിവാഹാലോചനയിലേക്ക് കടന്നതോടെയാണ് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ മൂവരും തീരുമാനിച്ചത്. 

'ചെറുപ്പം തൊട്ട് ഒരുമിച്ച് വളര്‍ന്നവരാണ് ഞങ്ങള്‍. പിരിയുന്നതിനെ പറ്റി ആലോചിക്കാന്‍ വയ്യ. വിവാഹം കഴിച്ച് മാറി താമസിക്കുന്നതിനെ പറ്റി ചിന്തിച്ചപ്പോള്‍ മരിക്കുന്നതിനെ പറ്റി പോലും ചിന്തിച്ചു. മരിക്കുന്നതിന് പകരം ഒരുമിച്ച് ജീവിക്കാനും ഒരാളെ വിവാഹം കഴിക്കാനും  തീരുമാനിക്കുകയായിരുന്നു. ഞങ്ങൾ മുതിർന്നവരാണ്, സ്വന്തം ഇഷ്ടപ്രകാരമാണ് ഈ തീരുമാനമെടുത്തത്' എന്ന് സരോജം പറഞ്ഞു.  സഹോദരിമാര്‍ ഒരുമിച്ച് ജീവിക്കാന്‍ വേണ്ടിയാണ് താന്‍ ഇതിന് സമ്മതിച്ചതെന്ന് വികാസും പറഞ്ഞു. 

ക്ഷേത്രത്തിൽ വെച്ച് ചടങ്ങുകൾ നടത്തുന്ന വിഡിയോ സഹോദരിമാർ പുറത്തുവിട്ടതോടെയാണ് വിവാഹം പുറംലോകമറിയുന്നത്. വികാസ് ഇരുവരുടെയും നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതും നാലുപേരും ചേര്‍ന്ന് ചടങ്ങുകള്‍ നടത്തുന്നതും വിഡിയോയിൽ കാണാം. അതേസമയം, ക്ഷേത്രവുമായി ബന്ധപ്പെട്ടവരും പൂജാരിയും ചടങ്ങില്‍ നിന്നും വിട്ടുനിന്നു. 

ENGLISH SUMMARY:

In Amroha, Uttar Pradesh, three social media influencer relatives—sisters Saroj and Savitri, and their cousin Khatakwanshi—chose to marry Vikas (Wiki), a 20-year-old videographer who films their content. The trio, who have been close since childhood and could not bear the thought of separating or living apart after marriage, mutually decided to marry the same man.