up-wikki

Image: X, @ndtv

  • ഉത്തർപ്രദേശിലെ മഹോബയിൽ നടന്ന ക്രൂരമായ ആക്രമണത്തിൽ യുവാവിന്റെ ഇരുകൈകളും ഒരു സംഘം അക്രമികൾ കൈക്കുഴയിൽ വച്ച് വെട്ടിമാറ്റി. വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ അമ്മ, മകന്റെ അറ്റുപോയ കൈകൾ ഒരു തുണിയിൽ പൊതിഞ്ഞെടുത്ത് ആശുപത്രിയിലേക്ക് പായുകയായിരുന്നു. യുവാവിന്റെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചിൽ ഊർജിതമാക്കി.

പെട്രോള്‍ പമ്പില്‍വച്ച് യുവാവിന്റെ രണ്ടു കൈകളും വെട്ടിമാറ്റി. ഉത്തര്‍പ്രദേശിലെ മഹോബയിലാണ് സംഭവം. ഇന്നലെ രാത്രി 11നാണ് കാണ്‍പുര്‍–സാഗര്‍ ദേശീയപാതയില്‍ ചന്ദേല്‍ പെട്രോള്‍ പമ്പിനു മുന്‍വശത്തുവച്ച് യുവാവിനു നേരെ ക്രൂരത നടന്നത്. 28കാരനായ ജയ്‌വേന്ദ്ര സിങ് എന്നു പേരുള്ള വിക്കിയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.

കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. രാത്രി പെട്രോള്‍ അടിക്കാനായി പമ്പിലെത്തിയ വിക്കിയുമായി ഒരു സംഘം പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. വിക്കിക്ക് അറിയാവുന്നവരോ എന്തെങ്കിലും പ്രശ്നമുള്ളവരോ ആയിരുന്നില്ല അക്രമികളെന്നും കുടുംബം പറയുന്നു. 

അതേസമയം ഈ ആക്രമണത്തിനു പിന്നില്‍ പ്രാദേശിക നേതാവിനു പങ്കുണ്ടെന്നും കുടുംബം പരാതിയില്‍ പറയുന്നു. മനപൂര്‍വം പ്രശ്നമുണ്ടാക്കി മഴുകൊണ്ട് വിക്കിയെ ആക്രമിച്ച സംഘം  ഇരു കൈകളും കൈക്കുഴയില്‍വച്ച് വെട്ടിമാറ്റി. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കാലിന് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. 

വിവരമറിഞ്ഞ് പെട്രോള്‍ പമ്പിലെത്തിയ കുടുംബാംഗങ്ങള്‍ വിക്കിയുടെ നിലകണ്ട് ഹൃദയം തകര്‍ന്ന അവസ്ഥയിലായിരുന്നു. അക്രമികള്‍ വെട്ടിമാറ്റിയ കൈകളുടെ ഭാഗം ഒരു തുണിയില്‍ പൊതിഞ്ഞ് അമ്മ കയ്യിലെടുത്തു. ഉടന്‍ തന്നെ മുറിച്ചുമാറ്റിയ കൈകളുമായി വിക്കിയെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. യുവാവിന്റെ ആരോഗ്യനില അങ്ങേയറ്റം ഗുരുതരമാണെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ബാക്കി പ്രതികള്‍ക്കായുള്ള തിരച്ചിലിലാണ് പൊലീസ്. 

Youth's Hands Chopped Off at Petrol Pump; Devastated Mother Carries Severed Limbs to Hospital:

In a brutal attack in Mahoba, Uttar Pradesh, a 28-year-old youth named Jayvendra Singh (Vicky) had both his hands chopped off at the wrists by an unidentified gang at a petrol pump on the Kanpur-Sagar National Highway. The victim also sustained deep wounds to his head and severe injuries to his legs during the late-night assault. Upon hearing the news, his devastated mother rushed to the scene and collected the severed limbs in a cloth to rush him to the hospital. While the victim remains in critical condition, the police have taken one suspect into custody and are actively searching for the remaining attackers.