ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും കൊടിയ പീഡനം സഹിക്കവയ്യാതെ ബിസിനസുകാരനായ യുവാവ് ജീവനൊടുക്കി. ഹരിയാന, ഫരീദാബാദ് സ്വദേശി രാഹുലാണ് (28) താൻ നേരിട്ട കൊടിയ പീഡനത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചശേഷം തൂങ്ങിമരിച്ചത്. ഭാര്യയും ഭാര്യവീട്ടുകാരും തന്നെ അടിമയെപ്പോലെയാണ് കാണുന്നതെന്നും മാനസികമായും ശാരീരികമായും ദ്രോഹിക്കുന്നെന്നും പറയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ജ്യോതി എന്ന പ്രീതിയെ രണ്ട് വർഷം മുൻപാണ് രാഹുൽ വിവാഹം കഴിച്ചത്. വിവാഹത്തിന് തൊട്ടുപിന്നാലെ ഭാര്യ തന്നെ സ്വന്തം വീട്ടുകാരിൽ നിന്ന് അകറ്റുന്നതിന് ശ്രമിച്ചിരുന്നെന്ന് രാഹുൽ പറയുന്നു. ഒടുവിൽ ഭാര്യയുടെ നിർബന്ധപ്രകാരം യുവാവ് ഭാര്യവീട്ടിൽ തന്നെ താമസം തുടങ്ങി. ഭാര്യവീടിനടുത്ത് തന്നെ രാഹുൽ ഒരു തുണിക്കടയും ഇട്ടു.

എന്നാൽ ഭാര്യവീട്ടുകാർ രാഹുലിനോട് ഒരു അടിമയെപ്പോലെയാണ് പെരുമാറിയിരുന്നത്. രാഹുലിനെക്കൊണ്ട് നിർബന്ധിച്ച് വീട്ടുജോലികൾ ചെയ്യിപ്പിച്ചു. വീട് അടിച്ചുവാരുന്നതും തുടയ്ക്കുന്നതും രാഹുലിന്റെ ജോലിയായിരുന്നു. ഇതിനു പുറമേ നിസാരകാര്യങ്ങൾക്കുപോലും ഭാര്യയും വീട്ടുകാരും മർദിച്ചിരുന്നെന്നും രാഹുൽ വീഡിയോയിൽ പറഞ്ഞു. ഭാര്യയെക്കൂടാതെ ഭാര്യയുടെ സഹോദരി നീതുവും മാതാവ് വീണയും പിതാവ് ബിട്ടുവും രാഹുലിനെ മർദിച്ചിരുന്നതായി രാഹുൽ ആരോപിക്കുന്നുണ്ട്.

വിഡിയോയിൽ തന്റെ ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ നിയമനടപടി എടുക്കണമെന്നും തന്റെ കുടുംബസ്വത്ത് അമ്മയും സഹോദരങ്ങളും വീതിച്ചെടുക്കണമെന്നും രാഹുൽ പറയുന്നുണ്ട്. തന്‍റെ തുണിക്കടയില്‍ വച്ചാണ് രാഹുല്‍ വിഡിയോ അപ്‍ലോഡ് ചെയ്തത്. വിഡിയോ കണ്ട സഹോദരന്‍ കടയിലേക്ക് ഓടിയെത്തുകയും കട കുത്തിത്തുറക്കുകയും ചെയ്തെങ്കിലും രാഹുല്‍ മരണത്തിന് കീഴടങ്ങിയിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ENGLISH SUMMARY:

Businessman suicide is a tragic incident where a young businessman ended his life after allegedly facing severe harassment from his wife and her family. The distressing details were shared in a social media video before his death, highlighting his experiences of mental and physical abuse.